16/8/08

ഏകാകിനി


ഇരുണ്ട യാമങ്ങളിലൂടെ
ഞാന്‍ പൊയ്‌ക്കൊണ്ടിരുന്നു
വിജനതയില്‍ പതിയിരുന്ന
പിശാചുക്കളുടെ നിറവും
കറുപ്പായതിനാല്‍
ഞാന്‍ ഭയന്നില്ല.

എന്നാല്‍,
അവയുടെ അട്ടഹാസമെന്നെ
ഭയപ്പെടുത്തി.
ആരാണെനിക്കാശ്രയം
ഞാനേകയാണ്‌.

ഇരുട്ടിന്റെ താഴ്‌വരയില്‍
നിന്നനേകം കണ്ണുകളെന്നെ
തുറിച്ചു നോക്കുന്നു.
ആരാണെനിക്കാശ്രയം
ഞാനേകയാണ്‌.

ഇരുള്‍മൂലകളില്‍
നിന്നെയ്‌ത,
ചോരമണമുള്ള
അമ്പുകളേറ്റെന്റെ
ആശയുടെ കണങ്ങളും
അറ്റുവീണു.
അറ്റുവീണ കണങ്ങളോരോന്നായി
പെറുക്കിയെടുത്ത്‌
ഞാനും യാത്ര തുടര്‍ന്നു.

കറുത്ത പ്രണയവും
ദുഷിച്ച വായുവും
കനല്‍ വിരിച്ച പാത താണ്ടി,
്‌ദൂരെയുള്ള പ്രകാശവര്‍ഷം
കണ്ടെത്തി.
അത്‌,
എന്റെ പ്രതീക്ഷയാണ്‌.

ദുര്‍ഘടമായ
വഴി്‌ത്താരയുടെ
അവസാനം കണ്ടെത്തിയ
പ്രതീക്ഷ തേടി
ഞാന്‍ നടന്നടുക്കുകയാണ്‌.

ഞാനേകയാണ്‌
ആരാണെനിക്കാശ്രയം.

മുല്ലപ്പൂവിന്റെ അന്ത്യം


എന്റെ രാത്രികള്‍ക്കെപ്പോഴും
പൂവിന്റെ ഗന്ധമായിരുന്നു.
മുല്ലപ്പൂവിന്റെ.

മുല്ലപ്പൂക്കള്‍ നൃത്തം
വെയ്‌ക്കുന്ന രാത്രി
നിലാവ്‌ ഒഴുകുന്ന
രാത്രിയില്‍,
ഇരുണ്ട മച്ചിന്റെ,
ഇരുണ്ട മൂലയില്‍ നോക്കി
ഞാനവയെ വിരിയിക്കും.
ഓരോ ഇതളുകളായി
ഒടുവില്‍ പൂവാകും വരെ.

പൂവിന്റെ മണവും
കാമുകന്റെ ഗന്ധവും
ഒന്നായപ്പോള്‍
ഞാനവയെ പ്രണയിച്ചു.

നീണ്ട പ്രണയത്തിനൊടുവില്‍
ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കള്‍
മാത്രം ബാക്കി.

രാധയുടെ മാത്രം


ഞാന്‍ രാധയായിരുന്നു
കൃഷ്‌ണന്റെ രാധ
കൃഷ്‌ണന്‍,
രാധയുടേതാണ്‌.
രാധയുടെ മാത്രം.

വൃന്ദാവനത്തില്‍
കാമിച്ചു കൊണ്ടിരുന്നപ്പോള്‍
നിറുകയില്‍ ചുംബിച്ച്‌
എന്നോടവന്‍ മന്ത്രിച്ചു
'' നീ എന്റേതാണ്‌
എന്റേതു മാത്രം""
ഓടക്കുഴലൂതി എന്നെ
മാടി വിളിക്കുമ്പോഴും
അവന്‍ എന്റേതായിരുന്നു

പിന്നെ;
എപ്പോഴാണ്‌
കൃഷ്‌ണന്‍
എനിക്ക്‌ നഷ്ടമായത്‌?
രാസകേളികള്‍ക്ക്‌
ഗോപികമാരെ തെരഞ്ഞപ്പോള്‍
രാധയെ മറന്ന കണ്ണന്‍.

വീണ്ടുമവന്‍ എന്നോട്‌ മന്ത്രിച്ചു
'' കാമത്തിന്‌ ഒരര്‍ത്ഥമേയുള്ളൂ
കാമം മാത്രം``
ചുംബനത്തിനപ്പോള്‍
മരണത്തിന്റെ തണുപ്പായിരുന്നു
തണുപ്പ്‌ താഴോട്ടിറങ്ങവേ
അവന്‍ പറഞ്ഞു
'' എന്റെ കാമത്തിന്റെ
ഇരയാണു നീ``

കൃഷ്‌ണനിപ്പോള്‍
മറ്റൊരു മുഖമാണ്‌
രൗദ്രഭാവമണിഞ്ഞ
കീചകന്റെ....

14/8/08

നഗ്നത

പുതപ്പിനുള്ളില്‍
നഗ്നയാണെന്ന
തിരിച്ചറിവ്‌
എന്നെ തകര്‍ത്തു

പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി

13/8/08

കറുത്ത കണ്ണുള്ള നാക്ക്‌


ഇരുട്ടില്‍,
അവള്‍ ഒറ്റയ്‌ക്കായിരുന്നു
വെളിച്ചം കാണാതെ,
അര്‍ത്ഥം തിരയാതെ,
മൂര്‍ച്ചയേറിയ വാക്കുകള്‍
ശരങ്ങളായി തൊടുത്ത്‌
കണ്ണീര്‍ പോലും
കറുപ്പാക്കി
ഇരുളില്‍,
അവള്‍ ഒറ്റയാള്‍പ്പട നയിച്ചു.


നിഴലുകളോടായിരുന്നു
അവളുടെ യുദ്ധം
കറുത്ത നിഴലുകള്‍.
വാളേന്തിയ കൈകളും
താലത്തില്‍ അരിഞ്ഞുവെച്ച
ചുവന്ന നാക്കുകളുമായി
നിഴലുകള്‍ പടവെട്ടി
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള
അവളുടെ നാക്കിനായി.
നാക്കായിരുന്നു അവളുടെ ആയുധം
കറുത്ത കണ്ണുള്ള നാക്ക്‌.

വായുവില്‍,
വാളിനു പകരം
നാവു ചുഴറ്റി
നേടിയെടുത്ത സാമ്രാജ്യത്തില്‍
ഏകയായി അവള്‍ പടപൊരുതി.
നാവില്‍ നിന്നൂറി വന്ന
ഉമിനീരു കൊണ്ട്‌
നിഴലുകള്‍ തീര്‍ത്ത
കനലുകളെ കരിക്കട്ടയാക്കി.

നാക്കിനു വേണ്ടി.
നാക്കിലാണ്‌ പ്രാണന്‍.
കറുത്ത കണ്ണടയില്‍
പൊതിഞ്ഞ കണ്ണുള്ള നാക്ക്‌.
പ്രാണനു വേണ്ടി
പൊരുതിയ പോരാട്ടത്തിനൊടുവില്‍
കാഴ്‌ച തന്ന കണ്ണടയും നിഴല്‍.

ഇരുളില്‍,
അവള്‍ക്കിനി തുഴയാന്‍
പാതി വെന്ത കൈകള്‍ മാത്രം.
കണ്ണടയ്‌ക്കൊപ്പം
മുറിഞ്ഞു വീണ നാക്കിനിപ്പോള്‍
നിറം കറുപ്പ്‌.