24/9/08

വീട്‌


അസ്വസ്ഥമായ ആത്മാക്കളുടെ
കൂടാരമായിരുന്നു വീട്‌

പല്ലികളുടെ ചിലക്കല്‍ പോലെ
അച്ഛനും
അമ്മയും
മക്കളും
അതിനുള്ളില്‍
കലഹിച്ചു കൊണ്ടിരുന്നു.
വാക്കുകള്‍ തെറിച്ചു വീഴുമ്പോള്‍
അവയുടെ മുന തട്ടി
ഭിത്തി വിണ്ടു.
വിള്ളല്‍ വീണ വീടിപ്പോള്‍
ഒഴിഞ്ഞ പ്രേതപ്പറമ്പ്‌ പോലെ ശൂന്യം.

കരിപിടിച്ച അടുപ്പുകല്ലിന്റെ
നെടുവീര്‍പ്പു മാത്രം ഉയര്‍ന്നു കേള്‍ക്കാം.
അമര്‍ത്തിയ തേങ്ങലുകള്‍
വീടിനുള്ളില്‍ പാഞ്ഞു നടന്നു,
ചിതറിയ ചോറിന്‍വറ്റുകള്‍ തേടി
ഉറുമ്പുകളും.

വെളിച്ചവും കട്ട പിടിച്ച ഇരുട്ടുറ
ഇടി കൂടിയ മുറിക്കുള്ളില്‍
ആത്മാക്കള്‍ ബോധം കെട്ടുറങ്ങി.
കള്ളിന്റെ നേര്‍ത്ത ഗന്ധം
തിങ്ങിയ വീട്ടില്‍
നിന്ന്‌ ഒരാത്മാവ്‌
എഴുന്നേറ്റ്‌ ആ വീടിനെ നോക്കി.

വിളറിയ നിലാവില്‍ അത്‌
കറുത്ത മഴ നനഞ്ഞ
ശവകുടീരം പോലെ എഴുന്നു നിന്നു
എന്റെ വീട്‌

ലഹരി


ഉറക്കം ഒരു ലഹരിയാണ്‌
വീര്യം കൂടിയ മദ്യം പോലെ,
വില കൂടിയ കറുപ്പ്‌ പോലെ,
പതുക്കെ
സിരകളില്‍ പടര്‍ന്നു കയറി,
മറവിയുടെ ആഴത്തിലേക്ക്‌
തള്ളിവിട്ട്‌
സ്വപ്‌നങ്ങളില്‍ ഊഞ്ഞാലാട്ടുന്ന
ലഹരി.

എനിക്കല്‍പ്പം ലഹരി തരൂ..
നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത്‌
ദുഖിക്കാന്‍ എനിക്കു വയ്യ.

എനിക്കു ലഹരി വേണം
എവിടെയാണത്‌ കിട്ടുക?

18/9/08

ആവലാതികള്‍

ഉരുകുന്ന എന്റെ മനസ്സിനു
പകരം നീയെന്താണ്‌ എനിക്ക്‌ തരിക?
കത്തിത്തീരാത്ത മെഴുകുതിരിയോ?

ചേറില്‍ ചവിട്ടിക്കുഴച്ച
എന്റെ സ്‌നേഹത്തിനു പകരം
നീയെന്താണ്‌ തരിക?
മാഞ്ഞു തുടങ്ങിയ മഴവില്ലോ?

കണ്ണീരില്‍ മുക്കിപ്പൊരിച്ച
സ്വപ്‌നങ്ങള്‍ക്കു പകരവും
ചൂളയില്‍ ചുട്ടെടുത്ത പ്രതീക്ഷകള്‍ക്കു പകരവും
നീയെന്താണ്‌ തരിക?

്‌അതെല്ലാം പോകട്ടേ,
എന്റെ ഈ ആവലാതികള്‍ക്കു നീ
എന്തുത്തരമാണ്‌ തരിക?

16/9/08

ഖബറിടം


നൂല്‍മഴ നനഞ്ഞു കൊണ്ടാണ്‌
അവിടേക്ക്‌ ഞാന്‍ കയറിച്ചെന്നത്‌
കാക്കപ്പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്ന
വഴിത്താരയുടെ അറ്റമാണ്‌
എന്റെ ലക്ഷ്യം
മഴയുടെ നേര്‍ത്ത സൂചികള്‍
മുഖത്തേക്ക്‌ പതിച്ച്‌
എന്റെ കാഴ്‌ച മറഞ്ഞു.

മങ്ങിയ കാഴ്‌ച..

ഇവിടെയാണ്‌ അവസാനം.
സഞ്ചാരിയെ ഭയപ്പെടുത്തുന്ന
നിശബ്ദത തളംകെട്ടി നിന്ന അന്തരീക്ഷം.

ചുറ്റും കാടായിരുന്നു
മൈലാഞ്ചിക്കാടുകള്‍..
കാട്ടിനുള്ളില്‍ വിഹരിക്കുന്ന
ആത്മാക്കള്‍ക്കിടയില്‍
ഞാനെന്റെ കാമുകരെ കണ്ടു..
ഹൃദയമില്ലാത്തവര്‍ക്കിടയില്‍
പിടയുന്ന അവര്‍ക്കിടയിലൂടെ
ഞാന്‍ നീങ്ങി.

യാത്രയുടെ അവസാനം
കാടുകള്‍ക്കിടയില്‍
മഴയില്‍ തകര്‍ന്ന ശില്‍പ്പം പോലെ
അവ ഉയര്‍ന്നു നിന്നു

പ്രണയത്തിന്റെ മീസാന്‍ കല്ലുകള്‍.

15/9/08

കേള്‍ക്കാന്‍ മറന്നത്‌


ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
പെയ്‌തിറങ്ങി അവസാനിക്കുമ്പോള്‍
മഴത്തുള്ളികള്‍ക്ക്‌ എന്നോട്‌ പറയാനുള്ളതെന്തായിരുന്നു?

കാറ്റിന്റെ മണവും
കാര്‍മേഘത്തിന്റെ നിറവും
ചേര്‍ന്നതാണ്‌ നീയെന്നോ?
സൂര്യന്റെയും കടലിന്റെയും
കാമത്തിന്റെ അവശിഷ്ടമാണ്‌ നീയെന്നോ?

അതോ,
നിന്നെപ്പോലെയാണ്‌ ഞാനെന്നോ?

കളിമുറ്റത്ത്‌ മഴ നോക്കി നില്‍ക്കുമ്പോള്‍,
പുഴയില്‍ ആഞ്ഞുപതിക്കുന്ന
മഴത്തുള്ളികളെ പ്രണയിക്കുമ്പോള്‍,
സൂര്യനും കടലും കാമിച്ച കഥ
ഞാന്‍ കേട്ടിരുന്നു.

പക്ഷേ,
ഞാന്‍ നീയാകുന്ന കഥ
ഏത്‌ തീരത്തു വെച്ചാണ്‌ ഞാന്‍ കേട്ടത്‌?

മഴത്തുള്ളികളെ ഏറ്റുവാങ്ങി പായുമ്പോള്‍
പുഴ പറഞ്ഞതെന്തായിരുന്നു?
ആയിരം മഴത്തുള്ളികള്‍
ചേര്‍ന്നതാണ്‌ നീയെന്നോ?
അതോ,
മഴത്തുള്ളിയെപ്പോലെ അവസാനിക്കാതെ
തണുത്തൊഴുകുന്ന പുഴയാകൂ എന്നോ?

എനിക്ക്‌
മഴയാകാനും പുഴയാകാനും ഇഷ്ടം.
തുള്ളികള്‍ക്ക്‌ കണ്ണീരിന്റെ രൂപമാകുമ്പോള്‍,
കുതിച്ചുപായുന്ന നിള വീണ്ടും വറ്റുമ്പോള്‍,
ആരുടെ നിര്‍ദ്ദേശമാണ്‌ ഞാന്‍ കേള്‍ക്കേണ്ടത്‌?
ആരുടെ നിര്‍ദ്ദേശമാണ്‌ ഞാന്‍ കേള്‍ക്കേണ്ടത്‌?

14/9/08

ഭക്ഷണമുറി


മഞ്ഞനിറമുള്ള വെളിച്ചം
അലങ്കാരമായ
ഭക്ഷണമുറിയായിരുന്നു അത്‌
വാന്‍ഗോഗിന്റെ
ഉരുളക്കിഴങ്ങു തീറ്റക്കാരെ
ഓര്‍മിപ്പിക്കുന്ന
ചുളിഞ്ഞ മുഖമുള്ള
ആളുകള്‍
ശബ്ദമില്ലാതെ
തിന്നു കൊണ്ടിരുന്നു
അഴുക്കു പിടിച്ച
നീളന്‍ പാത്രത്തിലെ
ഭക്ഷണവസ്‌തു ഞാനായിരുന്നു

മങ്ങിയ വെളിച്ചത്തിന്റെ
മറവില്‍,
അവരെന്നെ കീറിമുറിച്ചു തിന്നു
പതുക്കെ,
കത്തിയും ഫോര്‍ക്കും
എന്റെ അവയവങ്ങളിലേക്ക്‌
ആഴ്‌ന്നിറങ്ങി
കണ്ണ്‌,
കാത്‌,
കരള്‍,
മൂക്ക്‌്‌,
ചുണ്ട്‌,
ഒടുവില്‍ ഹൃദയവും.
മുറിഞ്ഞു വിണ
ഹൃദയത്തിന്റെ
കെഷണം രുചിച്ചു
നോക്കി വിധികര്‍ത്താക്കള്‍
വിധിച്ചു.
'' ഇതിനു രുചിയില്ല
ഉപയോഗശൂന്യം""

കരിയിലകള്‍ക്കിടയില്‍
മഴയും മഞ്ഞുമേറ്റ്‌
ആര്‍ക്കോ വേണ്ടി
എന്റെ ഹൃദയം
കാത്തു കിടന്നു
കാത്തിരിപ്പിനൊടുവില്‍
രുചിയില്ലാത്ത്‌ ഹൃദയം
ചിതലുകള്‍ക്ക്‌ ഭക്ഷണമായി

കാമുകന്‍


കറുത്ത തലപ്പാവും
നീളന്‍ കോട്ടും
തുള വീണ
മുഖംമൂടിയും
വരണ്ടുണങ്ങിയ
കാല്‍പ്പാദങ്ങളും
അവന്റെ പ്രത്യേകതയായിരുന്നു
രാത്രിയുടെ നീണ്ട
യാമങ്ങളില്‍
മരവിച്ച മുഖവുമായി
കടന്നു വന്ന്‌
അവനെന്നെ പ്രണയിച്ചു
കറുത്ത ചുണ്ടുകളില്‍
പ്രണയം നിറച്ച്‌
എന്നെ ചുംബിച്ചു
മഴ തിമിര്‍ത്തു
പെയ്യുന്ന പകലുകളില്‍
എന്നെ പുഴയ്‌ക്കു
മുകളില്‍ നിര്‍്‌ത്തി
നൃത്തം ചവിട്ടി
പെയ്‌തു തോര്‍ന്ന
മഴയിലേക്ക്‌്‌
കാമുകിയെ വലിച്ചെറിഞ്ഞ്‌
തിരസ്‌കരണത്തിന്റെ
ലോകത്തു നിന്ന്‌
യാത്രയാക്കി
എന്റെ കാമുകന്‍.
തിരസ്‌കരണത്തിന്റെ
ബാക്കിയെന്നോണം
ഞരമ്പുകളില്‍
നിന്നൊഴുകിയിറങ്ങിയ
ചോര മാത്രം
പുഴയില്‍ നേര്‍രേഖയായി