6/2/09

നിളയില്‍ ഒരു മഴക്കാലം


പെയ്‌തൊഴിഞ്ഞ മഴക്കാലത്തിനു
മുമ്പാണ്‌ നിളേ,
നീ നിറഞ്ഞൊഴുകിയത്‌...
ആ മഴക്കാലത്തിനു,
സന്തോഷത്തിന്റെ,
നിര്‍വൃതിയുടെ മണം.

ഇന്നാര്‍ക്കു വേണ്ടിയാണു
നിളേ നീ വറ്റിത്തീരുന്നത്‌?
പൊള്ളിയടരുന്നത്‌്‌?
ചുടുകണ്ണീര്‍ വീണു ഉരുകിത്തീര്‍ന്ന
നിന്റെ മാറിടത്തിനു മുകളില്‍
ഇന്ന്‌ കാക്കപ്പൂവുകള്‍
ബലിതര്‍പ്പണം നടത്തുന്നു.

ഒഴുകുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന
നിന്റെ പാദസരമിന്നെവിടെ?
പട്ടാമ്പിപ്പാലത്തിനു താഴേ
നിറം മങ്ങിക്കിടക്കുന്ന അവയെ
നീ ആര്‍ക്കു വേണ്ടിയാണ്‌ വലിച്ചെറിഞ്ഞത്‌?

മണല്‍ തുരന്ന്‌ തുരന്ന്‌ പോകുമ്പോള്‍ കാണുന്നു
നിളേ....
നിനക്കിന്ന്‌ ഹൃദയവുമില്ല!!
ആര്‍ക്കു വേണ്ടി?
ആര്‍ക്കു വേണ്ടി നീ
പൊള്ളിയടരുന്നു?

വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന്‌ നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...


(ഇത്‌ നിളയുടെ കഥയല്ല... ഞാനാണിതില്‍ നിള... എന്നെക്കുറിച്ച്‌ ഞാന്‍ എഴുതിയ വിത)