21/7/09

കാത്തിരിപ്പ്


നിന്റെ സൗധത്തില്‍
ഞാനെത്തിച്ചേരുന്ന നിമിഷം
ഇനിയും അകലെയെന്നോ?
എനിക്കു പേടിയാകുന്നു.
എവിടെയാണ് പിഴച്ചത്?
കടന്നു പോയ കാറ്റിനും
നിന്റെ ഗന്ധം

കാത്തിരിപ്പു നീളുമ്പോഴേക്കും
എന്റ മണ്‍വീണ ചിതലെടുക്കും.
വയ്യ,
എനിക്കെന്റെ മണ്‍വീണ മീട്ടണം.
പക്ഷേ,
എനിക്കു ഭയമാകുന്നു.
എവിടെയാണിനി പിഴയ്ക്കുക?

[21.7.2009 ല്‍ മാധ്യമം ദിനപ്പത്രം ഗള്‍ഫ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌]

ഏകാകിനിചിന്തകളുടെ തടങ്കല്‍പ്പാളയത്തില്‍

നിന്നു പുറത്തുകടന്ന

തടവുകാരിയെപ്പോലെ

എനിക്കുമിപ്പോള്‍ അഭയമില്ലാതായിരിക്കുന്നു

കടപുഴകിവീണ മരങ്ങള്‍ക്കിടയില്‍

ഞാന്‍ വീണ്ടും തനിച്ച്‌

[ 21.7.2009 ല്‍ മാധ്യമം ദിനപ്പത്രം ഗള്‍ഫ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌]

16/7/09

കണക്കുകൂട്ടല്‍


വട്ടത്തിലും
നീളത്തിലും
കൂട്ടിയുംകുറച്ചും
കണക്കു കൂട്ടി.
പതുക്കെ
അടിവെച്ചടിവെച്ച്
ഉത്തരത്തില്‍ ചെന്ന്
തൂങ്ങിയാടി.
കണ്ണുകള്‍ തുറിച്ച്,
നാക്കു കടിച്ച്്,
ആഹാ!
താഴെ,
അലമുറയിടുന്നവര്‍ക്കിടയില്‍
കണ്ണും തള്ളിയിരുപ്പുണ്ട്
നീ.....
പതുക്കെ പറഞ്ഞു

ഇന്‍ഷൂറന്‍സ്
നിനക്കു തന്നെ.
**************
വട്ടത്തിലും
നീളത്തിലും
കൂട്ടിയുംകുറച്ചും
കണക്കു കൂട്ടി.
പിന്നെ,
പട്ടുചേല ചുറ്റി,
മുല്ലപ്പൂമാല ചൂടി,
പുറംവാതില്‍ ചാരി
തെരുവിലേക്ക്!
പുറത്ത്,
അന്തം വ്ിട്ട കണ്ണുകളുമായി
നിന്നു ഞാന്‍..
പ്ലസും മൈനസും
ഒമ്പതും ഒന്നും നാലും,
സ്ഥാനം തെറ്റിയ
അക്കങ്ങളും ചിഹ്നങ്ങളും
മുറ്റത്ത് ചിതറിക്കിടന്നു.