27/3/10

വിധിക്കപ്പെട്ടവള്‍



എന്റെ മരണം നിന്റെ കൈ കൊണ്ടാണ്..
വാക്കുകള്‍ കൊണ്ട്
ക്രൂരമായി നീയെന്നെ
പ്രഹരിക്കുമ്പോള്‍
എനിക്കറിയാമായിരുന്നു
ഒരിക്കല്‍ നീയെന്നെ കൊല്ലുമെന്ന്..

ഉള്ളു ചുട്ടുനീറുമ്പോള്‍ പോലും
ഞാനത് ചെയ്തില്ല..
എന്തിന് ഞാനാത്മഹത്യ ചെയ്യണം?
എന്റെ ശിക്ഷ നടപ്പാക്കാന്‍
ആരാച്ചാരായി നീയുള്ളപ്പോള്‍
വെറുമൊരു ഹത്യയ്ക്ക്് എന്തു സ്ഥാനം....

എത്ര കളഞ്ഞിട്ടും അടര്‍ന്നു പോകാത്ത
ഭൂതകാലത്തിന്റെ വേരുകള്‍
കൊണ്ടല്ലേ നീയെന്നെ വരിയുന്നത്.
വേരുകള്‍ മുറുകുന്നതിനു മുന്ന്
ചോദിച്ചോട്ടേ,

പണ്ട്്്,
ഓരോ കനല്‍ക്കാറ്റു വീശുമ്പോഴും
ഞാന്‍ നിന്നെ മുറുകെപ്പിടിക്കും.
ഇപ്പോള്‍,
നീ തന്നെ കനല്‍ക്കട്ടയായിരിക്കുന്നു.
എപ്പോഴാണിനി ഞാന്‍ ചാരമാവുക?

16/3/10

രോദനം



എന്റെ കണ്ണീരിനിപ്പോള്‍
എന്തു രുചിയാണ്?
കയ്‌പോ ചവര്‍പ്പോ അതോ മധുരമോ..

അറിയുന്നില്ല..
അടുക്കളയിലെ തീച്ചൂളയില്‍
വീണെന്റെ രസമുകുളങ്ങള്‍ നശിച്ചിരിക്കുന്നു.
എനിക്കു ചുറ്റുമിപ്പോള്‍
നിശബ്ദമാണ്.
ചോറില്‍ വീണ മുടിയെന്റെ
കേള്‍വിശക്തിയും തകര്‍ത്തു.
ഉമിനീരിനിപ്പോള്‍ ചോരയുടെ രുചി.

കണ്ണീരിനെയിപ്പോള്‍
ഉള്ളി മണക്കുന്നുണ്ടോ?
അറിയില്ല..
കെട്ടി നില്‍ക്കുന്ന കഫം
മൂക്കിനേയും പണിമുടക്കി

എനിക്കു പനിക്കുന്നുണ്ടോ?
അറിയുന്നില്ല...
എന്റെ മക്കളെവിടെ?
കാണുന്നില്ല..
കിടപ്പുമുറിയിലെ കാഴ്്ച
എന്റെ കണ്ണടപ്പിച്ചു.

തണുക്കുന്നുണ്ടോ എനിക്ക്??
അറിയുന്നു....
എനിക്ക് തണുക്കുന്നുണ്ട്..
കാരണം,
ഞാന്‍ മരിച്ചിരിക്കുന്നു..

10/3/10

തോഴി


{ആത്മാവു കൊണ്ടു കവിതയെഴുതി സ്വന്തം ജീവിതം തീച്ചൂളയിലെറിഞ്ഞ എന്റെ പ്രിയപ്പെട്ട ഷൈനത്തായെക്കുറിച്ച്... ഒരുപാട് നാള്‍ മുന്നെഴുതിയത്...}


ജാലകവാതിലില്‍
മുഖമൊളിപ്പിച്ചു വെച്ച
കറുത്ത പര്‍ദ്ദയണിഞ്ഞവളാണ്‌
ഇന്നെന്റെ തോഴി.
ഏകാന്തതയുടെ തുരുത്തിലിരുന്ന്‌
അവളെനിക്ക്‌ സ്വാതന്ത്യത്തിന്റെ
ചിറകുകള്‍ തുന്നുന്നു.

പുസ്‌തകത്താളുകളില്‍ അവള്‍
തന്റെ സ്വത്വം ഇങ്ങനെയെഴുതി;
''എനിക്ക്‌ മരിക്കണം
എനിക്ക്‌ മരിക്കണം""

ഹൃദയത്തിന്റെ ഉള്ളറകളില്‍
നിന്നുറവയെടുത്ത വിഷമുകുളങ്ങള്‍
അവളെ കനല്‍പ്പൂവാക്കിയ നിമിഷത്തിനു
പ്രണയത്തിന്റെ ഗന്ധം,
ഒറ്റപ്പെടലിന്റേയും.

ഇന്നെന്റെ സ്വപ്‌നങ്ങളില്‍
വന്നു നീയെന്നെ മാടിവിളിക്കുമ്പോള്‍
എന്റെ മാറിടങ്ങള്‍ ചുരയ്‌ക്കുന്നു.

അറ്റമില്ലാത്ത കടല്‍പ്പാലത്തിനു മുകളില്‍
ഞാന്‍ ചീന്തിയെറിഞ്ഞ നിന്റെ വാക്കുകള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.
'എനിക്ക്‌ മരിക്കണം
എനിക്ക്‌ മരിക്കണം``

6/3/10

ചുടലയക്ഷി




ഇല്ല. താവ്രമായ സാന്ത്വനങ്ങള്‍ക്കു
എന്റെ ദാഹത്തെ ശമിപ്പിക്കാനാവില്ല.
ഉള്‍ക്കനലുകളെ ഊതിയൂതി
കത്തിജ്വലിക്കുന്ന കല്‍വിളക്കാവണമെനിക്ക്‌.
അതെ,
എനിക്കിപ്പോള്‍ കല്‍വിളക്കാവണം.

എന്തുകൊണ്ട്‌ കല്‍വിളക്കെന്നല്ലേ..
ജ്വലിക്കുന്ന സൗന്ദര്യമാണു തീ..
എന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ചു വരുന്ന
കീടങ്ങളെ ആവാഹിച്ച്‌
അവയുടെ രക്തത്തില്‍ നനയണമെനിക്ക്‌..
കല്ലില്‍ നിന്നൊലിക്കുന്ന
ചോരത്തുള്ളികള്‍
മുറിവേറ്റ മനസ്സിന്റേയും
പെണ്‍കനലിന്റേയും കഥ പറയുമ്പോള്‍
നാവു നുണച്ച്‌,
പുതിയ രൂപത്തില്‍
ഞാനെന്റെ ഇരകളെ തേടും..