7/8/10

ഒരു ശലഭത്തിന്റെ ഓര്‍മ്മയ്ക്ക്

ശലഭങ്ങളുടെ കൂട്ടുകാരിയായിരുന്നു നീ.

ചിറകുകളില്ലാതിരുന്നിട്ടും നീ

അവരുടെ പ്രിയതോഴിയായി.

ശലഭങ്ങളുടെ മാത്രം.

വാക്കുകളില്‍ വേദന ഒളിപ്പിച്ച്,

മുറിവുകള്‍ തുന്നിക്കെട്ടി

നീ നടത്തിയ പോരാട്ടങ്ങളെ

ആരൊക്കെയോ കണ്ടെടുത്തു.

വീണ്ടെടുത്തു.

നീ ഞങ്ങള്‍ക്കു ശലഭായനമായി.



വേദനയുടെ ഞണ്ടുകള്‍ ഇറുക്കുമ്പോള്‍

നീ കുറിച്ച വാക്കുകള്‍ക്കു

ചിറകുകള്‍ മുളച്ചിരുന്നു.

പക്ഷേ;

നിനക്കെപ്പോഴാണു ചിറകുകള്‍ മുളച്ചത്?

വേദനയില്ലാത്ത, പോരാട്ടങ്ങളില്ലാത്ത

ഏതറ്റമില്ലാത്ത ലോകത്തേക്കാണു

നീ പറന്നു പോയത്?

'' വരുമൊരിക്കല്, എന്റെയാ നിദ്ര

നിശബ്ദമായി...

മനസ്സും ആത്മാവും

നിന്നെ ഏല്‍പിച്ച്,

വെറും ജഡമായി...'

എന്നെഴുതി മാഞ്ഞവളേ...

സഖീ....

നിനക്കു വേണ്ടി,

നിനക്കു വേണ്ടി മാത്രം

ഞാനൊന്നു പെയ്‌തോട്ടേ?



( സമര്‍പ്പണം: അകാലത്തില്‍ മരണമടഞ്ഞ രമ്യ ആന്റണി എന്ന കുഞ്ഞു കവയത്രിക്ക്)