26/9/11

അര്‍ത്ഥമില്ലാത്ത ചിന്തകള്‍

ജീവിതം ചിലപ്പോഴൊക്കെ അര്‍ത്ഥശൂന്യമാകാറുണ്ട്.

ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ

സ്‌നേഹം സ്‌നേഹമല്ലാതാകുമ്പോള്‍,

ഒരു നുണയെ മറ്റൊരു നുണ കൊണ്ട്

കീഴ്‌പെടുത്തുമ്പോള്‍,

പൊള്ളയായ തലോടലുകളെ

വരണ്ട ചിരി കൊണ്ട് പൊളിച്ചെഴുതുമ്പോള്‍,

അപ്പോഴൊക്കെ ജീവിതം

ശൂന്യതയുടെ പാനപാത്രം കുടിച്ചു വറ്റിക്കുന്നു.പക്ഷേ;

പിറക്കരുതെന്നാശിച്ചിട്ടും

പിറന്നുവീണ മകന്റെ ചിരിയിലൂടെ,

നേര്‍ത്ത തലോടലിലൂടെ

വാത്സല്യം തീര്‍ക്കുന്ന അമ്മയിലൂടെ,

ജീവിതത്തെ സ്‌നേഹിക്കാന്‍ തോന്നുന്നുണ്ട്.

എങ്കിലും,

ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്ന

കൊടുങ്കാറ്റുകളിലൂടെ

വന്നെത്തുന്ന വിഷാദപരാഗങ്ങളില്‍

തേനിന്റെ മധുരമുള്ള മരണം ഒളിഞ്ഞിരിക്കുന്നുവോ??മതി, നിര്‍ത്തട്ടെ;

ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍

ഒരു വള്ളി തേടിപ്പോകേണ്ട കാലം

അതിക്രമിച്ചിരിക്കുന്നു.