22/11/13

വിധവ

ഒരുത്തന്റെ വിധവയെക്കുറിച്ച്
പറയാന്‍ നൂറുനാവാണ്
അകത്തെരിയുന്ന കനലിനെ
പുറത്തേക്കെത്തിക്കാതിരിക്കാനാകണം
അവള്‍ മുഖത്തൊരു പുഞ്ചിരിയൊട്ടിച്ചത്
എന്നിട്ടും,
ഓന്‍ ചത്തപ്പോ ഓളെന്ത്യേ നൊലോളിച്ചില്ലെന്നായ്.
ഓളെന്ത്യേ തൂങ്ങിച്ചത്തില്ലെന്നായ്..

കടത്തില്‍ മുങ്ങിയ വീടിനെയോര്‍ത്താകണം
അവന്റെ ജീവന്റെ വിലയവള്‍ വാങ്ങിയത്
എന്നിട്ടും,
ഓന്‍ ചത്തപ്പോ ഓള്‍ക്കെത്ര കിട്ടിയെന്നായ്,
നമുക്കെന്തു കിട്ടുമെന്നായ്..
കെട്ട്യോന്‍ ചത്തേപ്പിന്നെ
ഓള്‍ടെ വര തെളിഞ്ഞെന്നായ്..

ചത്തവന്റെ പെണ്ണിന്റെ
സൗന്ദര്യമൂറ്റാന്‍ നൂറു കണ്ണാണ്.
വാടിയ കുഞ്ഞുമുഖം കാണാതിരിക്കാനാകണം
പെല തീരുമുമ്പേ ജോലിക്കിറങ്ങിയത്
എന്നിട്ടും,
ഓന്‍ ചത്തേപ്പിന്നെ ഓള്‍ടെ ചന്തം കൂടിയെന്നായ്
ഓളിനിയെന്നാ വേറൊരുത്തനെ കെട്ടുകാന്നായ്..

അന്തിക്കു ചെറ്റേടെ വാതില്‍
ചുരക്കുന്നതോര്‍ത്താകണം
അവള്‍ മറ്റൊരു മണവാട്ടിയായത്
എന്നിട്ടും,
ഒരുത്തനെ കൊന്നിട്ടും മതിയാകാതെ
ഓള്‍ വീണ്ടും കെട്ടിയെന്നായ്...
ഓളെപ്പോലൊരു യക്ഷിയില്ലെന്നായ്...

ചത്തവന്റെ വിധവയെക്കുറിച്ച് പറയാന്‍
നാക്കുള്ളോനും നാക്കില്ലാത്തോനും
കണ്ണുള്ളോനും കണ്ണില്ലാത്തോനും
നൂറു നാക്കുണ്ട്,
ആയിരം കണ്ണുമുണ്ട്


 

14/11/13

പകലുറക്കത്തിലെ വഴികള്‍


വളഞ്ഞും പുളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന
കരിനാഗങ്ങളെപ്പോലെയാണ് സ്വപ്‌നത്തിലെ വഴികള്‍..
നെടുകെയും കുറുകെയും
തലങ്ങും വിലങ്ങും പാഞ്ഞുപോകുന്നവ..
അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തവണ്ണം
നീണ്ടുപോകുന്നവ.

ഒന്നിന്റെ തുടര്‍ച്ചയെന്നോണം മറ്റൊന്ന്.
ചിലപ്പോള്‍ ആഴമേറിയ ഗര്‍ത്തങ്ങളിലേക്ക് വഴികാട്ടുന്നവ.
സ്വപ്‌നങ്ങളുടെ ആഴങ്ങളിലേക്ക്
ചാടാനൊരുങ്ങുമ്പോഴേക്കും
അരുതേ അരുതേയെന്ന് പറഞ്ഞ്
വിലപിച്ചു കൊണ്ടേയിരിക്കും
വൃത്തികെട്ട ശരീരം..

എന്നാല്‍ മനസ്സോ,
ചാടൂചാടൂ എന്ന് പറഞ്ഞ്
ആഞ്ഞു തള്ളിയിരിക്കും..
വീഴുന്നതിനു മുമ്പേ കാണാം
പിളര്‍ക്കപ്പെട്ട യോനി,
ഛേദിക്കപ്പെട്ട മാറിടം,
അറ്റുപോയ ഉടല്‍,
മുണ്ഡനം ചെയ്ത ശിരസ്സ്,
ഇടയിലെവിടെയോ ഉയര്‍ന്നുകേള്‍ക്കുന്ന
ബാലികയുടെ,
മാതാവിന്റെ,
സഹോദരിയുടെ രോദനം..
വഴികള്‍മാറ്റി നടന്നെങ്കിലും
ഇടയ്‌ക്കെവിടേയും ഒരു കണ്ണകിയേയും കണ്ടില്ല

ഇനിയെപ്പോഴാണ് ഞാനൊരു സ്വപ്‌നത്തിന്റെ
ആഴമളക്കുക?
ശാന്തമായൊഴുകുന്ന കടലിന്റെ  അടിത്തട്ട്
കാണുക?
കിളികള്‍ പാടുന്ന വഴിത്താരയുടെ
്അറ്റം സ്പര്‍ശിക്കുക?

വഴി വീണ്ടും വെട്ടുകയാണ്,
കത്തുന്ന വെയിലു കൊണ്ട്
പൊള്ളുന്ന റെയില്‍പ്പാളങ്ങള്‍ നിര്‍മിച്ച്..
അടഞ്ഞ കണ്‍പോളകള്‍ക്കപ്പോള്‍
ചുട്ടുപൊള്ളുന്നുണ്ടാകണം
ഉള്ളുരുകിയ ലാവ
കണ്ണീര്‍മഴയായി പുറത്തേക്കൊഴുകിയിരിക്കണം.
.
ധൃതിയായെനിക്ക്..
മുറിവേറ്റ മനസ്സിനെ
ചതഞ്ഞരഞ്ഞ ശരീരവുമായി ലയിപ്പിക്കാന്‍,
അറ്റമില്ലാത്ത റെയില്‍പ്പാളത്തിലേയ്ക്ക്,
പാഞ്ഞടുക്കുന്ന തീവണ്ടിയ്ക്ക് മരണചുംബനം നല്‍കാന്‍..
ഇനിയൊരിക്കലും വഴികള്‍ വെട്ടാതിരിക്കാന്‍..
ബീപ്...ബീപ്...ബീപ്

ഇപ്പോള്‍,
എ.സിയുടെ നേര്‍ത്ത മൂളലും
ശാന്തമായുറങ്ങുന്ന മകന്റെ ശ്വാസോച്ഛ്വാസവും മാത്രം


 

28/12/11

ജന്മാന്തരങ്ങള്‍

ഒടുവില്‍,


നീ എന്നില്‍ നിന്നു മുറിഞ്ഞ്

നേര്‍ത്തൊരു ജലരേഖയായി

പാതയോരം കടന്ന് പുഴയിലേക്ക്..

ഞാനോ?

മഴയിലേയ്ക്കിറങ്ങി

ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം തേടി

കാട്ടിലേയ്ക്ക്...



ഇനിയുമൊരു ശിംശപാ വൃക്ഷത്തിന്റെ

ചുവട്ടിലേയ്ക്ക് നീയെന്നെ

തേടി വരുമെന്ന പ്രതീക്ഷയില്ലാതെ..

പക്ഷേ,

വീണ്ടുമൊരിക്കല്‍ക്കൂടി

നീയെന്നെ തീക്കുണ്ഡമാക്കുന്നതും

ഹൃദയം വെണ്ണീറാക്കുന്നതും

സ്വപ്‌നം കണ്ട്

ഭയത്തിന്റെ മാറാലപ്പുതപ്പിനുള്ളില്‍

കൂനിക്കൂടിയിരിക്കാന്‍

മറ്റൊരു വാല്‍മീകിയുടെ വാസസ്ഥലം തേടി..





നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി..

ഞാനോ?

കൊട്ടാരത്തില്‍ നിന്നുയര്‍ന്ന,

പട്ടുമെത്തയില്‍ ഉഴുതുമറിക്കപ്പെട്ട

നിന്റെ വിയര്‍പ്പിന്റെ തിളയ്ക്കുന്ന

ഗന്ധത്തില്‍ മനംമടുത്ത്

നീ മൂലം പുഷ്പിണിയായ മണ്ണിന്റെ

മാറോടലിഞ്ഞ്...

ഇനിയൊരിക്കലും ഉണരുവാനാകാതെ

മറ്റൊരു വൈശാലിയാക്കപ്പെട്ട്

തനിയെ....



ഇനിയേതു കാലം വരെ കാത്തിരിക്കണം

ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ

നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?



നീ മഴക്കീറുകള്‍

ഓരോന്നായി അടര്‍ത്തിയെടുത്ത്

എന്നില്‍ നിന്നും

മുറിഞ്ഞുപോയ നിന്റെ ഹൃദയം

മഴനാരുകള്‍ കൊണ്ട്

തുന്നിയെടുക്കുന്നു

ഞാനോ?

ഇനിയൊരിക്കലും

മുറിഞ്ഞുപോകാനാകാത്തവിധം

എന്റെ ഹൃദയത്തെ ഇടിനാരുകള്‍

കൊണ്ട് പുതുക്കിയെടുക്കുന്നു..്

എന്നിട്ടും...

എന്നിട്ടും നീ മുറിഞ്ഞുപോയ്..

പാതിഭാഗം ഇവള്‍ക്കെന്ന ചൊല്ലുമാറ്റി

നീ വാനപ്രസ്ഥം തേടിയിറങ്ങി..

ഇനിയുമീ അകത്തളത്തില്‍

വനാന്തരത്തിലേക്കു മിഴി പറിക്കാന്‍,

പുറത്ത് മഴ നനഞ്ഞ്

അകം വരണ്ട ഭൂമിയാക്കി

കാത്തിരിക്കാന്‍

ഇനിയൊരു ഊര്‍മിളയാവാന്‍..

വയ്യ,

കാലം കഴിഞ്ഞിരിക്കുന്നു..



നീ എന്നില്‍ നിന്നകന്ന്

നേര്‍ത്ത ഹിമധൂളിയായി

നരച്ച ആകാശം നോക്കി മുകളിലേയ്ക്ക്

ഞാനോ?

ഒരുവനാല്‍ അപഹരിക്കപ്പെട്ട്

നിന്നാല്‍ അപമാനിതയായി

പ്രതികാരത്തിന്റെ കനല്‍പ്പൂക്കളേന്തിയ

വരണമാല്യം തേടി കാട്ടിലേയ്ക്ക്..

പടരട്ടെ തീ,

നിന്നെരിയട്ടെ തീ.

നിന്നു കത്തട്ടെ ഞാനെന്ന സ്ത്രീ..

ഇനിയുമൊരു പതിനാറു

സംവത്സരങ്ങള്‍ കാത്തിരിക്കാം.

തീ പിടിച്ച ഹൃദയത്താല്‍,

ശരീരത്തെ പകരം കൊടുത്ത്

പുതിയൊരു ജന്മമെടുത്ത്

പകമുറ്റാം..



ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം

തേടിയവള്‍ പാത പിളര്‍ന്ന് താഴേയ്ക്ക്..

പെണ്ണിന്റെ ശരീരശാസ്ത്രം

പഠിപ്പിച്ചവള്‍ പുഴയിലലിഞ്ഞലിഞ്ഞ്....

അംബേ,

നീ മതി...

നിന്റെ ഹൃദയം മതി

എനിക്കു കടമെടുക്കാന്‍...



22/11/11

ആത്മാവു നഷ്ടപ്പെട്ടവള്‍



ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം
ഞാനെന്നെത്തന്നെ എനിക്കു
നഷ്ടപ്പെടുത്തിയിരിക്കുന്നു
ശബ്ദമില്ലാതെ ഞാന്‍
അലറിക്കരഞ്ഞു കൊണ്ടേയിരുന്നു.
നഷ്ടമായ ബാല്യത്തെയോര്‍ത്ത്,
എനിക്കു തന്നെ പണയം വെച്ച
സ്വപ്‌നങ്ങളേയും ചിന്തകളേയുമോര്‍ത്ത്.

അത്ഭുതം,
കരഞ്ഞിട്ടും കണ്ണീരെവിടെ?
ഉറവ വറ്റിയതുകൊണ്ടായിരിക്കണം..
ഇനിയൊരു ഉറവയ്ക്കു ഞാനെവിടെപ്പോകണം.
അടുത്ത മഴക്കാലം വരേയ്ക്കുമോ?

പണ്ടാരോ പറഞ്ഞു കേട്ട
കഥകളിലൊന്നിലൊരു ശവുണ്ഡിയുണ്ട്..
സ്വയം ആത്മാവിനെ നഷ്ടമാക്കി
പ്രേതാത്മാവിനെ ആവാഹിക്കുന്ന ശവുണ്ഡികള്‍..
ആത്മാവു നഷ്ടമാക്കി ജീവിക്കുന്ന
ഞാനുമൊരു ശവുണ്ഡിയാകുമോ?

ഹേ..
ആത്മാവു നഷ്ടമാക്കിയവളേ..
നിനക്കിനി മടക്കമില്ല
തിരികെ വരാനാകാത്ത വിധം
നീ തന്നെ നിന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഓര്‍മ്മകള്‍ വട്ടമിട്ടു പറക്കുന്ന
താഴ്‌വാരമാകും ഇനി നിന്റെ ലോകം
അവിടെ നിന്നെ വേദനിപ്പിച്ചു കൊണ്ട്
ഓര്‍മ്മമരങ്ങള്‍ മുളച്ചുകൊണ്ടേയിരിക്കും

26/9/11

അര്‍ത്ഥമില്ലാത്ത ചിന്തകള്‍





ജീവിതം ചിലപ്പോഴൊക്കെ അര്‍ത്ഥശൂന്യമാകാറുണ്ട്.

ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ

സ്‌നേഹം സ്‌നേഹമല്ലാതാകുമ്പോള്‍,

ഒരു നുണയെ മറ്റൊരു നുണ കൊണ്ട്

കീഴ്‌പെടുത്തുമ്പോള്‍,

പൊള്ളയായ തലോടലുകളെ

വരണ്ട ചിരി കൊണ്ട് പൊളിച്ചെഴുതുമ്പോള്‍,

അപ്പോഴൊക്കെ ജീവിതം

ശൂന്യതയുടെ പാനപാത്രം കുടിച്ചു വറ്റിക്കുന്നു.



പക്ഷേ;

പിറക്കരുതെന്നാശിച്ചിട്ടും

പിറന്നുവീണ മകന്റെ ചിരിയിലൂടെ,

നേര്‍ത്ത തലോടലിലൂടെ

വാത്സല്യം തീര്‍ക്കുന്ന അമ്മയിലൂടെ,

ജീവിതത്തെ സ്‌നേഹിക്കാന്‍ തോന്നുന്നുണ്ട്.

എങ്കിലും,

ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്ന

കൊടുങ്കാറ്റുകളിലൂടെ

വന്നെത്തുന്ന വിഷാദപരാഗങ്ങളില്‍

തേനിന്റെ മധുരമുള്ള മരണം ഒളിഞ്ഞിരിക്കുന്നുവോ??



മതി, നിര്‍ത്തട്ടെ;

ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍

ഒരു വള്ളി തേടിപ്പോകേണ്ട കാലം

അതിക്രമിച്ചിരിക്കുന്നു.

7/8/10

ഒരു ശലഭത്തിന്റെ ഓര്‍മ്മയ്ക്ക്

ശലഭങ്ങളുടെ കൂട്ടുകാരിയായിരുന്നു നീ.

ചിറകുകളില്ലാതിരുന്നിട്ടും നീ

അവരുടെ പ്രിയതോഴിയായി.

ശലഭങ്ങളുടെ മാത്രം.

വാക്കുകളില്‍ വേദന ഒളിപ്പിച്ച്,

മുറിവുകള്‍ തുന്നിക്കെട്ടി

നീ നടത്തിയ പോരാട്ടങ്ങളെ

ആരൊക്കെയോ കണ്ടെടുത്തു.

വീണ്ടെടുത്തു.

നീ ഞങ്ങള്‍ക്കു ശലഭായനമായി.



വേദനയുടെ ഞണ്ടുകള്‍ ഇറുക്കുമ്പോള്‍

നീ കുറിച്ച വാക്കുകള്‍ക്കു

ചിറകുകള്‍ മുളച്ചിരുന്നു.

പക്ഷേ;

നിനക്കെപ്പോഴാണു ചിറകുകള്‍ മുളച്ചത്?

വേദനയില്ലാത്ത, പോരാട്ടങ്ങളില്ലാത്ത

ഏതറ്റമില്ലാത്ത ലോകത്തേക്കാണു

നീ പറന്നു പോയത്?

'' വരുമൊരിക്കല്, എന്റെയാ നിദ്ര

നിശബ്ദമായി...

മനസ്സും ആത്മാവും

നിന്നെ ഏല്‍പിച്ച്,

വെറും ജഡമായി...'

എന്നെഴുതി മാഞ്ഞവളേ...

സഖീ....

നിനക്കു വേണ്ടി,

നിനക്കു വേണ്ടി മാത്രം

ഞാനൊന്നു പെയ്‌തോട്ടേ?



( സമര്‍പ്പണം: അകാലത്തില്‍ മരണമടഞ്ഞ രമ്യ ആന്റണി എന്ന കുഞ്ഞു കവയത്രിക്ക്)

6/7/10

തിരിച്ചറിവ്

പുതപ്പിനുള്ളില്‍
നഗ്നയാണെന്ന തിരിച്ചറിവ്
എന്നെ തകര്‍ത്തു

പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി

[മുമ്പ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്. പിന്നീട് അത് ഇറേസ് ചെയ്തു. വീണ്ടും ഒരിക്കല്‍ക്കൂടി പോസ്റ്റുന്നു.]


12/6/10

മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)


മഴ പെയ്യുന്നുണ്ട്
ഇടി വെട്ടുന്നുമുണ്ട്
ഹൃദയത്തിലാണെന്നു മാത്രം.
വൈകി വന്ന എന്റെ പ്രണയമേ,
ദൂരെയിരുന്ന് നീ കാണുന്നില്ലേ...
നാമൊരുമിച്ചു നനയാന്‍
കൊതിച്ച ഈ മഴക്കാലം.

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു.
ഓര്‍മകളുടെ ഈ മഴ നനയാന്‍
ഈ വഴിത്താരയില്‍ ഞാന്‍ വീണ്ടും തനിച്ച്.

മാഞ്ഞു പോയൊരു മഴക്കാലസന്ധ്യയാണ്
ഇപ്പോഴെനിക്കു മുന്നില്‍.
കര്‍ക്കിടകത്തിന്റെ കുളിരുമായെത്തി,
ഹൃദയത്തില്‍ ഇടിമിന്നലേല്‍പ്പിച്ചു
മാഞ്ഞുപോയ സന്ധ്യ.
ചാറ്റല്‍ മഴയുടെ സൗന്ദര്യവുമായി,
കുണുങ്ങി കുണുങ്ങി പെയ്തു
മുന്നില്‍ വന്നു നിന്ന നിന്റെ രൂപം.
ഇടവപ്പാതിയായി എന്റെ മുമ്പില്‍
തകര്‍ത്തു പെയ്തിട്ടും
അറിയാതെ പോയ പ്രണയമേ....
വൈകിയെത്തിയ ഈ വേളയില്‍
എന്റെ മനസ്സിലിപ്പോള്‍
തുലാവര്‍ഷം തകര്‍ത്തു പെയ്യുന്നു,
ഹൃദയം കിടുക്കി ഇടിയും
മുറിവേല്‍പ്പിച്ച് മിന്നലും.

എങ്കിലും എന്റെ പ്രണയമേ,
അറിയുന്നു ഞാന്‍..
ഈ മഴക്കാലത്തിനും ഒരു സുഖമുണ്ട്.
നനുത്ത സുഖം.

23/5/10

ഒരു നുണക്കവിത

പാപത്തിന്റെ  ഫലം തിന്നില്ലെന്ന്

ആദം ദൈവത്തോടു പറഞ്ഞതായിരുന്നു

ആദ്യത്തെ കള്ളം.

കള്ളങ്ങളുടെ വേലിയേറ്റത്തില്‍

ഞാന്‍ കേട്ട ആദ്യത്തെ സ്വരം അമ്മയുടേതായിരുന്നു.

കരിപിടിച്ച അടുക്കളയില്‍

ഊര്‍ദ്ധ്വന്‍ വലിക്കുമ്പോഴും

അച്ഛന്‍ തന്നെ നന്നായി നോക്കുന്നുവെന്നു

പറഞ്ഞ് അമ്മ നുണയുടെ വാതില്‍

എനിക്കു മുന്നില്‍ തുറന്നുവെച്ചു.

തങ്ങള്‍ക്കു വേദനിക്കുന്നില്ലെന്നു

മുറിഞ്ഞുപോയ വാലിനെ നോക്കി

പല്ലിയും

തകര്‍ന്ന കഷണങ്ങളെ നോക്കി

മണ്‍കലവും പറഞ്ഞതോടെ

നുണകള്‍ കുത്തിനിറച്ച ചരക്കുവണ്ടി

എനിക്കു മുന്നിലൂടെ പാഞ്ഞുപോയി.



മുള്ളുവേലി നിറഞ്ഞ,

കരിനാഗങ്ങള്‍ ഇണ ചേരുന്ന ഇടവഴിയില്‍

പതിയിരുന്ന് നിന്നെ പ്രണയിക്കുന്നുവെന്നു

പറഞ്ഞ് ചുണ്ടുകളുടെ നനുത്ത സ്പര്‍ശം

ഏറ്റുവാങ്ങിയ നിമിഷത്തിലാണ്

നുണകളുടെ ആകാശഗോപുരം

ഞാന്‍ പടുത്തുയര്‍ത്തിയത്.

ഇരുണ്ട പകലുകളില്‍ ഗോപുരത്തിനു മുകളിലിരുന്ന്

എന്റെ ജോലിക്കാല്‍ എനിക്കായ്

പുതിയ നുണകള്‍ മെനഞ്ഞു.

മൂര്‍ച്ചയുള്ള ആയുധങ്ങളില്‍

നുണ രാകിമിനുക്കി

എന്റെ പടയാളികള്‍ നാടു നന്നാക്കി????

കടലാസുതാളുകള്‍

എന്റെ ജീവിതം ആഘോഷമാക്കി

പുതിയ നുണകള്‍ നെയ്തു.



ഗോപുരത്തിനു മുകളിലെ ഏദന്‍തോട്ടത്തിലിരുന്ന്

ഹവ്വയപ്പോഴും പാപത്തിന്റെ ഫലം തിന്നു.

ഇപ്പോഴെന്റെ സഞ്ചാരം

നുണകളുടെ മേല്‍പ്പാലത്തിലൂടെയാണ്.

പ്രണയത്തിന്റെ പകമുറ്റിയ കണ്ണുകളുമായി

ഇണയെ നഷ്ടപ്പെട്ട കരിമൂര്‍ഖന്‍

ഇടവഴിയിലിരുന്ന് ദംശിച്ചപ്പോഴും

ഞാന്‍ നുണകള്‍ കൂട്ടിക്കുഴച്ച് പുതിയ

മനക്കോട്ടകള്‍ കെട്ടി.

പനിക്കിടക്കയില്‍ ഉറക്കഗുളികകളുടെ രൂപത്തില്‍

മരണത്തെ പുല്‍കുമ്പോഴും

ഉറങ്ങുകയാണെന്നു പറഞ്ഞ്

ഞാന്‍ വീണ്ടുമൊരു നുണ പടച്ചു.

ഉറക്കത്തില്‍,

കരിമ്പനകള്‍ക്കു മുകളിലിരുന്ന് നുണയക്ഷികള്‍

എന്റെ രക്തമൂറ്റിക്കുടിക്കുന്നത് സ്വപ്‌നം കണ്ടു.



നീണ്ട സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴേക്കും

നുണകളുടെ കലക്കവെള്ളത്തില്‍

ചീഞ്ഞുനാറാന്‍ തുടങ്ങിയിരുന്നു

എന്റെ മനസ്സ്.....

21/5/10

പുനര്‍ജനിയും കടന്ന്

'എന്റെ ദൈവമേ'

പകല്‍കിനാവന്റെ ഫോട്ടോബ്ലോഗിന് ഇങ്ങനെയൊരു കമന്റിട്ടു കൊണ്ട് അനീറ്റ തിരിഞ്ഞു വിനൂപിനെ നോക്കി. ആന ഇടഞ്ഞതിന്റെ ഫോട്ടോയ്ക്ക് എന്തു ക്യാച്ച് വേര്‍ഡ് ഇടണമെന്നാറിയാതെ തല പുകയ്ക്കുകയായിരുന്നു വിനൂപ്. വിനൂപിനെ നോക്കുമ്പോഴൊക്കെ അനീറ്റയ്ക്ക് പകല്‍കിനാവനോാട് ആരാധനയേറും.. കിടിലന്‍ ഫോട്ടോ എടുക്കാനും അതിനു പറ്റിയ ക്യാച്ച് വേര്‍ഡ് നല്‍കാനും പകല്‍കിനാവന് വല്ലാത്തൊരു കഴിവ് തന്നെയാണ്.

'' ഹലോ ചേട്ടാ.. ദാ ഈ പടം നോക്ക്.. ഇങ്ങനെ വേണം പടമെടുക്കാന്‍ ''

ആനയുടെ നിറം ഒന്നു കൂടി കറുപ്പിച്ച് വിനൂപ് മോണിറ്ററില്‍ നോക്കി. ' ഒ്ാ! ഇതോ.. ഇതൊരു സാധാരണ പടമല്ലേ.. ഇതാര്‍ക്കും പറ്റും.. പക്ഷേ. വേറൊരു ആംഗിളില്‍ കൂടി എടുക്കുകയാന്നെങ്കി നന്നായാനേ..'

്' ഡീ..സംസ്ഥാന അവാര്‍ഡ് കിട്ടിയതിന്റെ ഹുങ്കാ' പുറകില്‍ നിന്ന് ദീപക് തോണ്ടി. വിനൂപ് ഈയടുത്താ ഒരു അവാര്‍ഡ് അടിച്ചെടുത്തത്. അതിനു ശേഷം ഒന്നു കൂടി കനം കൂടിയെങ്കിലേയുള്ളൂ. അല്ലെങ്കിലും വിനൂപിന്റെ സ്വഭാവം അങ്ങനാണ്. താനൊഴിച്ച് മറ്റാരെയും അംഗീകരിക്കാന്‍ കഴിയില്ല. പുറത്ത് പ്രസ് ഫോട്ടോഗ്രാഫേഴ്‌സിനിടയില്‍ അയാളെക്കുറിച്ച് അതുകൊണ്ടു തന്നെ നല്ല മതിപ്പാണ്..



'മതി മതി നീ ബ്ലോഗിയത്.. എണീറ്റു പോടീ.. വെറുതെയിരുന്ന എനിക്കും കൂടി നീ ചീത്തപ്പേരുണ്ടാക്കി. എനിക്കൊന്നു മെയില്‍ ചെക്കണം.. സിസ്റ്റം തന്നിട്ടു പോയേ... പോ പോ പോ..'

നശിപ്പിച്ചു. നല്ല മൂഡിലിരിക്കുമ്പോഴാ അവന്റെ ഒരു മെയില്‍.. അല്ലേലും ഈ ചെക്കന്‍ എപ്പോഴും ഇങ്ങനെത്തന്നെ.. അവനേം പറഞ്ഞിട്ട് കാര്യമില്ല.. അനീറ്റ ബ്യൂറോയില്‍ പോയിരുന്നു. ' എന്തു പറ്റി വേഗം പോന്നത്.. ചീഫിനെ പേടിച്ചാണോ' ശ്യാംലാലിനെ നോക്കി ചിരിച്ചിട്ട് അനീറ്റ ഉള്ളില്‍ പ്രാകി. കിളവന്റെ ഒരു ചോദ്യം.. താനൊക്കെ കൂടിയാ എനിക്കു പണി തന്നേന്ന് അറിയാനുള്ള വിവരം ഈ അനീറ്റയ്ക്കുണ്ടെടോ.. എന്നിട്ട് ആ ചീഫിന്റെ തലേലോട്ട് വെക്ക് പാപഭാരം.

ആകെ ഒരു വനിതാജേണലിസ്റ്റേ ഉള്ളൂ സുപ്രഭാതം പത്രത്തിന്റെ തൃശൂര്‍ എഡിഷനില്‍. ആ ഒരു മര്യാദ കാണിച്ചതു കൊണ്ടാവും ബ്യൂറോയില്‍ നിന്ന് ഡെസ്‌കിലേക്ക് അനീറ്റയ്ക്ക് പ്രവേശനമില്ലെന്നു ചീഫ് കല്‍പ്പിച്ചത്. ഡെസ്‌കിലിരുന്നാല്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോവും പോലും. വഴി പിഴപ്പിക്കാന്‍ പറ്റിയ സ്ഥലോം ആളുമാ ഡെസ്‌കിലുള്ളത്. പാവം ദീപക്. എന്നെ നേരെ കണ്ടാല്‍ കടിച്ചുകീറുന്ന സ്വഭാവമാ അവന്റേതെന്ന് ആരോടുപറയാന്‍.

ഈ പത്രത്തില്‍ കാലുകുത്തിയപ്പോ തുടങ്ങിയ പാരവെയ്പാ.. ഇതെന്നു തീരും എന്റീശ്വരാ.. അനീറ്റ പ്രസ് റിലീസുകള്‍ക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി വാര്‍ത്തകള്‍ തിന്നാന്‍ തുടങ്ങി.

***********************************************************************************************************************************************************************************************************************



മഴ ശക്തിയായി നിലത്തേക്കു വീണു. ' കുടയെടുത്തില്ലല്ലോ അനീറ്റ..'ജോമോളുടെ ചോദ്യം കേള്‍ക്കാന്‍ നില്‍ക്കാതെ അനീറ്റ മഴയിലേക്ക്് ഇറങ്ങി നടന്നു. അവള്‍ക്കു മുന്നിലപ്പോള്‍ മഴയില്ലായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളില്ലായിരുന്നു. റോഡ് ഒരു പുഴ പോലെ അവള്‍ക്കു മുന്നില്‍ പരന്നു കിടന്നു. പുഴ നീന്തി അക്കരെ ഹോസ്റ്റലില്‍ ചെന്ന്് എന്തെങ്കിലും വലിച്ചു വാരി തിന്നാന്‍ അവള്‍ കൊതിച്ചു. വിശപ്പ്് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. 'ഇന്നും എന്തെങ്കിലും തിന്നാന്‍ കിട്ടുമോ?' അനീറ്റയുടെ ചിന്ത അതായിരുന്നു. വടക്കേ സ്റ്റാന്‍ഡില്‍ ചെല്ലണം അവള്‍ക്കുള്ള ബസ്സിന്.റൗണ്ടിലൂടെ അലസമായി പെരുമഴ നനഞ്ഞ് നടക്കുന്ന അവളെ അത്ഭുതത്തോടെ നോക്കി ആളുകള്‍ കടന്നു പോയി.. ഹോസ്റ്റലില്‍ ആദ്യം വരുന്നവര്‍ ആദ്യമേ കഴിച്ചിരിക്കും. അനീറ്റ എത്തുമ്പോഴേക്കും ഇരുട്ട് അതിന്റെ വിശ്വരൂപം കാണിച്ചിരിക്കും. പിന്നെ പതിവുപോലെ പച്ചവെള്ളം കുടിച്ച് വിശപ്പടക്കാം. നാടും വീടും വിട്ട് എന്തിനായിരുന്നു ഈ ഹോസ്റ്റല്‍ വാസം എന്ന് അവള്‍ക്കു തന്നെ തോന്നിയിട്ടുണ്ട്.. ആരോടാണ് തന്റെ വാശി.. തന്നോടു തന്നെയോ.. ഈയിടെയായി സുഹൃത്തുക്കളുടെ എണ്ണത്തില്‍ പോലും കുറവു വരുന്നതായി അവള്‍ കണ്ടെത്തി്. അവരുടെ കുറ്റമല്ലെന്നറിയാം.. അവധി ദിവസങ്ങളില്‍ പോലും അവരെ ഒന്നു മൈന്‍ഡ് ചെയ്യാതെ അടങ്ങിയിരിക്കുന്ന അവളില്‍ ആര്‍ക്കാണ് താത്പര്യം തോന്നുക?

അവധിദിവസങ്ങളില്‍ അനീറ്റയ്ക്ക്് കാര്‍ട്ടൂണ്‍ ചാനലില്‍ നിന്ന് ഇറങ്ങി മൊബൈല്‍ ഗെയിമിന്റെ രൂപത്തില്‍ ടോംമും ജെറിയും കൂട്ടിരിക്കും. .. ചിലപ്പോള്‍ അവളൊറ്റയ്ക്ക് നാടുകാണാനിറങ്ങും.. തീവണ്ടിയോടുള്ള പ്രേമം അങ്ങനെ ആക്കിയെന്നു പറയുന്നതാകും ശരി. ചില ദിവസങ്ങളില്‍ തൃശൂര്‍ നിന്ന് പാലക്കാട്ടേക്കു വണ്ടി കയറി അവിടെ നിന്ന് പൊള്ളാച്ചിയിലേക്കുള്ള മീറ്റര്‍ഗേജ് ട്രെയിന്‍ കയറും. എഎന്നിട്ടു തിരികെ കെ.എസ്.ആര്‍.ടി.സിയില്‍ ഒ.വി.വിജയന്റെ ഖസാക്കും എം.ടിയുടെ കൂഡല്ലൂരും കണ്ട് സന്ധ്യയ്ക്കു കൂടണയും. അല്ലെങ്കില്‍ നേരേ കോയമ്പത്തൂരു വരെ പോയി തിരികെ ..

ശരിക്കും വട്ടു തന്നെയാ തനിക്ക്.. അല്ലാതെ ആരെങ്കിലും ഇടവേളകളില്‍ പുസ്തകപ്പുഴുവായി ഒടുവില്‍ രാത്രികളില്‍ അവയിലെ നായികയായി മാറുമോ? തന്റെ ഈ വട്ട് ജോവനുമായുള്ള വിവാഹമോചനത്തിലെത്തിയപ്പോഴാണ് പപ്പ ആദ്യമായി അവളെ ഭ്രാന്തി എന്നു വിളിച്ചത്. ശരിയല്ലേ? ഭ്രാന്തല്ലേ.. അല്ലെങ്കില്‍ വിവാഹത്തിന്റെ ആദ്യദിനങ്ങളില്‍ വികാരത്തിന്റെ തീക്ഷ്ണതയില്‍ നോവലിലെ കാമുകന്റെ പേരു പറഞ്ഞ് നിലവിളിക്കുമോ.. പിന്നെയൊന്നിനും ജോവന്‍ നിന്നില്ല... ഒരാഴ്ചത്തെ ദാമ്പത്യം. അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ. അനീറ്റ പിന്നെ ശകാരങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല..അയ്യന്തോളിലെ ഹോസ്റ്റലിലേക്ക്് അവളെ പറിച്ചു നട്ടു.

.

'ഹേയ് അനീറ്റ'്

രൂപേഷ് അവളുടെ സമ്മതത്തിനു കാക്കാതെ അവളെ വാനിലേക്കു തള്ളിക്കയറ്റി. 'എന്താ നീയീ കാണിക്കുന്നത്.. നിന്റെ തോന്ന്യാസം കുറച്ചു കൂടുന്നുണ്ട്. പറയണ്ട എന്നു കരുതിയാലും നീയിതൊക്കെ എന്നെക്കൊണ്ടു പറയിപ്പിക്കുന്നതെന്തിനാടാ. എല്ലാരുടെയും മുന്നില്‍ നീയിങ്ങനെ പരിഹസിക്കപ്പെടുന്നതു കാണാന്‍ എനിക്കു വയ്യ.'

' ഞാനിപ്പോ എന്നാ കാട്ടിയെന്നാ''

'ഒന്നുമില്ലേ?''

'ഓ! മഴ നനഞ്ഞതിനാണോ നീയീ കിടന്നു തുള്ളുന്നേ. നിനക്കറിയില്ലേ മഴ എനിക്കു ഭ്രാന്താണെന്ന്''

'' അതെ അതിപ്പോ എല്ലാര്‍ക്കും അറിയാം നിനക്കു ഭ്രാന്താന്ന്. നീ പ്രസ് ക്ലബ്ബിന്റെ മുമ്പിലൂടെയാ വന്നത്. പോരേ.. ഇനി നാളെ കേള്‍ക്കാം''..

അവള്‍ ഒന്നും മിണ്ടിയില്ല. വിന്‍ഡോ ഗ്ലാസിന് മുകളിലൂടെ അരിച്ചിറങ്ങി വന്ന മഴത്തുള്ളികളെ തോണ്ടിയെടുത്ത് കവിളില്‍ തേച്ചു.

*******************************************************************************************************************************



'മോഹനം'. കറുത്ത സ്റ്റീല്‍ പലകയില്‍ സ്വര്‍ണ നിറത്തില്‍ എഴുതിയ അക്ഷരങ്ങളിലേക്കു നോക്കി അനീറ്റ നിന്നു. ഇനിയെത്ര ദിവസം കൂടി ഇവിടെ കാണും? ചേക്കേറാന്‍ മറ്റൊരു താവളം കെണ്ടത്തിയേ പറ്റൂ. പേരു പോലെ തന്നെ മോഹിനിയായ ഹോസ്റ്റല്‍ ഉടമ ധനലക്ഷ്മിയെ നാട്ടുകാര്‍ 'ധനം ആന്റി' എന്ന നല്ലൊരു ഓമനപ്പേരിട്ടാണ് വിളിക്കുന്നതെന്നറിഞ്ഞ നിമിഷം മുതല്‍ വേറൊരു താമസസ്ഥലം അനീറ്റ അന്വേഷിക്കുന്നു. ഇന്നലെ ന്യൂ ഇയര്‍ ആഘോഷം തെരുവിലെ ആണ്‍പിള്ളേര്‍ ടെറസ്സിന്റെ മുകളില്‍ വെച്ചാഘോഷിച്ചപ്പോള്‍ ഉറപ്പിച്ചു. മാറ്റം അനിവാര്യം തന്നെ. കൂടെയുള്ള നിയമവിദ്യാര്‍ത്ഥിനികള്‍ പലരും പരിഭ്രമത്തിലാണ്. കുറഞ്ഞ തുകയ്ക്ക് നല്ലൊരു ഹോസ്റ്റല്‍ കിട്ടണ്ടേ. എറണാകുളത്തു പോലും ഹോസ്റ്റലുകള്‍ക്കോ പേയിംഗ് ഗസ്റ്റ് ഹോമുകള്‍ക്കോ ഇത്രയ്ക്കും ക്ഷാമം ഇല്ല. തൃശൂരിന്റെ ഒരു പ്രത്യേകതയാണത്. മറ്റൊന്നും കൊണ്ടല്ല. എന്‍ട്രന്‍സ് കോച്ചിംഗിനായി കേരളത്തിന്റെ എല്ലാ മുക്കില്‍ നിന്നും കൂട്ടികളെത്തുന്നത് തൃശൂരിലേക്കാണെന്നതു കൊണ്ടു തന്നെ. ഈ സമയം പേയിംഗ് ഗസ്റ്റ് ഹോമൂകാര്‍ ശരിക്കു മുതലാക്കുന്നുമുണ്ട്. കഴുത്തറപ്പന്‍ പൈസയും വാങ്ങി ഒരു റൂമില്‍ തന്നെ അഞ്ചാറെണ്ണത്തിനെ കുത്തിക്കയറ്റുന്നു. ഒറ്റയ്ക്കു മുറി വേണമെങ്കില്‍ അതിലും നല്ലൊരു തുക നല്‍കണം. അനീറ്റയും അന്വേഷിച്ചിറങ്ങിയതാണ് ഒറ്റയ്‌ക്കൊരു മുറി. പത്രത്തിലെ തൂച്ഛമായ ശമ്പളം അതിനു തികയില്ല. അപ്പോഴാണ് മോഹനത്തിനെ കുറിച്ചറിയുന്നത്. പിന്നെ വൈകിയില്ല. വേഗം താമസമുറപ്പിച്ചു. എന്നിട്ടിപ്പോ എന്തായി? അവള്‍ സ്വയം ചോദിച്ചു.



' ചേച്ചീ, എന്താ അവിടെ നിക്ക്‌ണേ?'

റൂം മേറ്റ് ശബ്‌നയാണ്.

'ഹേയ്, ചുമ്മാ'

'എങ്കി വായോ. ഇന്നെങ്കിലും നേരത്തേ കഴിക്കാം. എന്നിട്ടു പോയാ മതി റൂമിലേക്ക്'



പ്ലേറ്റ് കഴുകി കമഴ്ത്തി അനീറ്റ റൂമിലെത്തി സിസ്റ്റം ഓണ്‍ ചെയ്തു. അപ്പോള്‍ ചാറ്റ് റൂമിലിരുന്ന് സാറ   കരഞ്ഞു. 'ഞാനും അക്ബറും കല്യാണം കഴിക്കരുതെന്ന് കമ്പനിയുടെ ഓര്‍ഡര്‍. ഈ മാസം അവസാനം ഞങ്ങളുടെ കല്യാണം തീരുമാനിച്ചതാ. ഞങ്ങളുടെ വിവാഹം നടന്നാല്‍ ലൗ ജിഹാദിനെതിരെ മുറവിളി കൂട്ടുന്ന ഞങ്ങളുടെ പത്രത്തിനു നാണക്കേടാകുമത്രേ.. ഇനിയെന്തു ചെയ്യും അനീ..ജോലി ഉപേക്ഷിക്കാമെന്നു വെച്ചാ നിനക്കറിയില്ലേ എന്റെ സ്വിറ്റ്വേഷന്‍സ്. ജീവിതം പണയം വെച്ചുള്ള കളികള്‍ക്കൊന്നും ഞാനില്ല. അതല്ല ശരി. അക്ബറിനു വയ്യെന്നു പറയുന്നതാകും ശരി. ഡാാ..'

സാറയുടെ  വിളി കേക്കാന്‍ അനീറ്റ നിന്നില്ല. അവള്‍ കവിതയെക്കുറിച്ചോര്‍ക്കുകയായിരുന്നു. പ്രണയവിരോധികളായ പത്രസ്ഥാപനത്തിന്റെ ഇര. മധുര ദൊരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ജേണലിസം വിദ്യാര്‍ത്ഥിക്ക് ജൂനിയറോട് തോന്നിയ കൗതുകം. കൗതുകം. യദുവിന് കവിതയോട് തോന്നിയ വികാരത്തെ അങ്ങനെ വിളിക്കാനാണ് അനീറ്റയ്ക്ക് തോന്നിയത്. താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷം കൊണ്ടു തന്നെ കമ്പനിയുടെ പ്രീതി വാങ്ങിയ യദു കവിതയ്ക്കും അതേ പത്രത്തില്‍ തന്നെ ജോലി ശരിയാക്കി. ഒടുവില്‍ പ്രേമം പാട്ടായപ്പോള്‍ കമ്പനി താക്കീത് ചെയ്തു. ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കിയത് യദു തന്നെയായിരുന്നു. പ്രേമത്തേക്കാള്‍ ജീവിതമാണ് വിലപ്പെട്ടതെന്ന പ്രാക്ടിക്കല്‍ തിയറി. പക്ഷേ, കവിതയ്‌ക്കെന്തായിരുന്നു യദുവിനോട്? നോവലുകളില്‍ പറയുന്ന പോലെ പരിശുദ്ധ പ്രണയം. അല്ല. അവള്‍ക്കു ഭ്രാന്തായിരുന്നു. മുഴുത്ത വട്ട്. യദുവിന്റെ പിറകെ പാഞ്ഞ അവളെ തേടി പിറ്റേ ദിവസം ക്യാബിനില്‍ മെമ്മോ കാത്തു കിടന്നു. അടിയില്‍ യദുകൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍, തിരുവനന്തപുരം എന്ന വിലാസവും. ഒന്നും മിണ്ടാതെ അനീറ്റയെ നിറഞ്ഞകണ്ണുകള്‍ കൊണ്ടൊന്നു നോക്കി പെയ്തു തകര്‍ത്ത മഴയിലേക്കു ഇറങ്ങിപ്പോയ അവള്‍ക്കെന്തു സംഭവിച്ചു? അറിയില്ല. അവളുടെ വീട്ടുകാര്‍ക്കു പോലും.



ചാറ്റ് റൂമില്‍ ഇപ്പോള്‍ സാറയില്ല. അവള്‍ക്കു പകരം മഞ്ഞബള്‍ബ് കത്തിനിന്നു. 'സാറാ' ' . 'ഹലോ'.

ലോഗ് ഓഫ്. സാറയില്ല. ചാരനിറത്തിലെ അക്ഷരങ്ങള്‍ പറഞ്ഞു. Sara is offline. Messages you send will be delivered when Sara comes online.

അനീറ്റയ്ക്കു തോന്നി സാറ ഇനിയൊരിക്കലും വിളി കേക്കില്ലെന്ന്.

ചുവന്ന ബള്‍ബ് മിന്നിച്ചു കൊണ്ട് പകല്‍കിനാവന്‍ തേറ്റപ്പല്ലുകള്‍ കാട്ടി എഴുതി. 'പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത്'. my new post..check it. അനീറ്റയെ പെട്ടെന്ന് ഒരു ഭീതി ഗ്രസിച്ചു.

********************************************************************************************************************



ബസ് ഇഴഞ്ഞിഴഞ്ഞ് മല കേറാന്‍ തുടങ്ങി. അരമണിക്കൂര്‍ കൂടിയുണ്ട്. കല്ലില്‍ തട്ടി തട്ടി താഴെ നിള ഒഴുകുന്നു. ഏറെക്കാലത്തെ മോഹമാണീ യാത്ര. അനീറ്റ പുറംകാഴ്ചയിലേക്ക് കണ്ണുനട്ട് സ്വപ്‌നം കാണാന്‍ തുടങ്ങി. അകലെ ഒരു പൊട്ടു പോലെ കാണാം തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം. അനീറ്റ എഴുന്നേറ്റു നിന്നു.

ബസിറങ്ങി അവള്‍ കയറ്റം കയറാന്‍ തുടങ്ങി. നേരിയ മഴച്ചാറ്റലുണ്ട്. സാരമില്ല. ദേവനെ കാണാന്‍ പോകുന്നതല്ലേ. അല്‍പം മഴയൊക്കെ അകമ്പടിക്കു വരുന്നതു നല്ലതാണ്. ഇടതുവശത്തു കാടാണ്. വനത്തിലൂടെ കുറച്ചുദൂരം താണ്ടിയാല്‍ പുനര്‍ജനിയായി. ഏകാദശി കഴിഞ്ഞിട്ടും നൂഴാന്‍ ആളുകളിപ്പോഴും പോകുന്നുണ്ട്. അവള്‍ പതുക്കെ കല്‍ക്കെട്ടു കയറാന്‍ തുടങ്ങി. ശംഖചക്രഗദാധാരിയായി നില്‍ക്കുന്ന ശ്രീരാമന്റെ പ്രതിഷ്ഠ. അനീറ്റ വെറുതെ കൈകൂപ്പി നിന്നു. എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്? മറ്റുള്ളവര്‍ക്കൊപ്പം വലംവെച്ച് അവള്‍ അരയാല്‍ ചുവട്ടിലെത്തി പല്ലികളെ കാത്തു നിന്നു. ഈ പല്ലികള്‍ ശിവപാര്‍വതിമാരാത്രേ. ദൂരേക്ക് കൊടും കാടാണ്. തെക്കുഭാഗത്ത് ചീരക്കുഴിപ്പുഴ ഒഴുകുന്നു. വടക്കുഭാഗത്തു കൂടി ഭാരതപ്പുഴയും. കുറച്ചുനേരം കൂടി കഴിഞ്ഞാല്‍ പുനര്‍ജനിയിലേക്കു പോകേണ്ടതാണ്. അവള്‍ കൈയിലിരുന്ന വഴിപാടു പായസം കഴിച്ചു.

'നേരേയുള്ള വഴിക്കു പോയാല്‍ രണ്ടു മൈലെങ്കിലും താണ്ടണം. ഇതാകുമ്പോ പെട്ടെന്നെത്തുംട്ടാ'. കൂടെയുള്ള സ്ത്രീ അവളെ നോക്കി പറഞ്ഞു. സ്ത്രീകള്‍ക്ക് പുനര്‍ജനി നൂഴാന്‍ പാടില്ല. എങ്കിലും കൂടെയുള്ള പുരുഷന്മാര്‍ക്കു തുണയായി അവരും പോകും. മഴയ്ക്ക് ശക്തി കൂടിക്കൂടി വന്നു. അനീറ്റ പാപനാശിനിയിലേക്ക് ഇറങ്ങുന്ന കല്‍പ്പടവില്‍ ഇരുന്നു. ബാഗിനുള്ളിലിരുന്ന് മൊബെല്‍ വിറച്ചു.

'വേണ്ട. ഇന്നത്തെ ദിവസം ആരും അറിയണ്ട. ഈ ദിവസം അതെനിക്കു മാത്രം സ്വന്തം.' ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു. ആള്‍ത്തിരക്കൊഴിഞ്ഞിരിക്കുന്നു. ബാഗിന്റെ വിറയല്‍ നിന്നിട്ടില്ല.



പുഴയില്‍ ഒഴുക്കു കുറവാണ്. അവള്‍ ഒന്നു മുങ്ങിപ്പൊങ്ങി. മുങ്ങുമ്പോള്‍ അവളുടെ തലയ്ക്കു മുകളിലിരുന്ന് പകല്‍കിനാവന്‍ ക്യാമറയെടുത്ത് കാണാതായ പെണ്‍കുട്ടികളെ അന്വേഷിച്ചു. പുഴയുടെ തണുപ്പിലും അനീറ്റ വിയര്‍ത്തു. ഒന്നുകൂടി മുങ്ങിപ്പൊങ്ങി അവള്‍ പുനര്‍ജനിയുടെ നേരെ നോക്കി. ഗുഹയുടെ അരികിലിരുന്ന് ഗൗളികള്‍ ചിലച്ചു. അനീറ്റയുടെ കണ്ണിനു മുന്നിലൂടെ  സാറയുടെ ചാരനിറത്തിലുള്ള ബള്‍ബ് സന്ദേശം പാഞ്ഞുപോയി.

Sara is offfline. Messeges you send will be delivered when Sara comes online.

ഗൂഹയ്ക്കുള്ളിലിരുന്ന് സാറ അവളെ നോക്കി ചിരിച്ചു. കവിതയും. അവര്‍ക്കു പിന്നാലെ പകല്‍കിനാവന്‍ ഗുഹക്കുള്ളിലേക്കു കയറി. ബാഗ് എടുത്ത് വെളിയില്‍ വെച്ച് അനീറ്റ ഗുഹയുടെ ഇരുട്ടിലേക്കു കയറി.

ബാഗ് വീണ്ടും വിറച്ചു. മൊബൈലില്‍ ജോവന്റെ സന്ദേശങ്ങള്‍ അവളെ കാത്തുകിടന്നു.