മഴയുടെ കഥ; മകളുടേയും
31/12/08
മെഴുകുതിരി
ഞാന്‍ കാണുമ്പോള്‍,
ഒരു ജന്മത്തിന്റെ ദുരിതവും പേറി
നനഞ്ഞു കുതിര്‍ന്ന പൂഴിമണലില്‍
ഒളിച്ചിരിക്കുകയായിരുന്നു അവള്‍.
അസഹ്യമായ ചൂടില്‍ നിന്ന്
രക്ഷപ്പെടാനെന്ന പോലെ.
കടപ്പുറത്തെ കരിമണലില്‍
കറുത്തു നീണ്ട നാസികത്തുമ്പു
ആര്‍ക്കോ കത്തിക്കാനെന്ന ഭാവേന അലക്ഷ്യമായി
നീട്ടിയിട്ട് അവള്‍ കിടന്നു.
വെളുത്തു നീണ്ട ഉടല്‍
പകുതിയോളം ഉരുകിത്തീര്‍ന്നും
കരിമണല്‍ കുത്തിത്തറച്ച്
കുത്തുകള്‍ വീണും വികൃതമായിരുന്നു.
എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും,
വേദനയില്‍ അലിഞ്ഞില്ലാതാകുമ്പോഴും
ഇരുളിനെ വെളിയിലാക്കി കാവല്‍ നിന്ന്
സ്വയം ഉരുകിയൊലിച്ച അവള്‍ക്കു
എന്റെ ഛായയല്ലേ?
വശങ്ങളില്‍ ഉരുകിയൊലിച്ച
ശരീരാവശിഷ്ടങ്ങള്‍
പറ്റിപ്പിടിച്ച് രൂപം മാറിയ ആ
മെഴുകുതിരി ഞാന്‍ തന്നെയല്ലേ?
വേദനയുടെ കരിമണല്‍ പറ്റി
എന്റെ മനസ്സും വികൃതമായിരിക്കുന്നു..
ഉള്ളില്‍ അണയാതെ നില്‍ക്കുന്ന തിരിയും
വെന്തു തീരാറായ ഹൃദയവും പേറി
തണുത്തുറഞ്ഞ ജലാശയങ്ങള്‍ തേടുന്ന
ഞാന്‍ തന്നെയാണാ മെഴുകുതിരി.
23/12/08
വിലപ്പെട്ടത്
എന്റെ
കൈയിലെ നിന്റെ നിധികുംഭം ഞാനിന്ന് വലിച്ചെറിയും.
നിന്ടെ വിലയേറിയ സ്‌നേഹത്തിന്റെ മുത്തുകള്‍
താഴെ,
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വീണു ചിതറും.
കടല്‍കാക്കകള്‍ അവയ്‌ക്കു മീതേ
വട്ടമിട്ടു പറക്കും.
സമുദ്രം നിന്റെ രുചിയറിയും.
ഞാന്‍,
ഞാന്‍ മാത്രം
നിന്റെ നഷ്ടപ്പെടലില്‍ പൊട്ടിച്ചിരിക്കും.
ഒടുവില്‍ ഭ്രാന്തിയെപ്പോലെ
പാറക്കൂട്ടത്തിലേക്കു ചാടിയിറങ്ങുന്ന
എന്നെ നോക്കി ആളുകള്‍ പറയും.
വിഡ്‌ഢിയായ രാജകുമാരി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)