24/6/08

ചുവപ്പിന്റെ സന്തതി


എനിക്കു ചുറ്റും ചുവപ്പാണ്‌
നിരത്തിലോടുന്ന ബസിനും
തുണിസഞ്ചികള്‍ക്കും
ഉടുതുണിക്കും പേനയ്‌ക്കും വരെ,

എന്തിനേറെ,
എന്റെ സിരകളില്‍പ്പോലും
ചുവപ്പൊഴുകുന്നു.

ചുവപ്പ്‌;
ചുവപ്പോടെയായിരുന്നു എന്റെ ജനനം.
ചോരയ്‌ക്കൊപ്പം തെറിച്ചു വീണവള്‍,
ചുവപ്പിന്റെ സന്തതി.

ഉള്ളില്‍ ചുവപ്പിന്റെ കരുത്തുമായ്‌
വളര്‍ന്നവള്‍.
എപ്പോഴോ ചുവപ്പിന്റെ
അണപൊട്ടിയൊഴുകി
ഞാനൊരു സ്‌ത്രീയായി.
വളര്‍ച്ചയുടെ കാലഘട്ടം,
രാഷ്‌ട്രീയത്തിനും സൗന്ദര്യത്തിനും
ചുണ്ടിലെ ചായത്തിനും
നിറം ചുവപ്പ്‌!

ചുവപ്പ്‌;
അതെനിക്ക്‌ മാത്രമായിരുന്നോ?
എന്റെയുള്ളില്‍ തീ വിതച്ചവനും
ചുവപ്പായിരുന്നു.
കാമത്തിന്റെ ചുവപ്പ്‌.

ചുവപ്പിനൊപ്പം തെളിഞ്ഞു നിന്ന
അഗ്നിയും.
അവന്റെ ചുവപ്പ്‌ എന്റേതാക്കാന്‍
ഞാനാഗ്രഹിച്ചു.

ഒടുവില്‍,
ഞാനാകെ ചുവന്നിരുന്നു.
അവന്റെ ചുവപ്പ്‌ ഞാന്‍
കടം കൊണ്ടു.

ഇന്ന്‌;
മറ്റൊന്നിലും ചുവപ്പില്ല.
അവയെല്ലാം നിറം മങ്ങി
കറുപ്പായി.

എന്നാല്‍,
എന്റെ കൈകളില്‍ മാത്രം ചുവപ്പാണ്‌
അവന്റെ ചുവപ്പ്‌...

നിനക്കായ്‌


ഞാനൊരു മഴമേഘമായിരുന്നു
നീ നീലാകാശവും.
നിന്റെ അപാരതയില്‍ നീ=
യെനിക്കിടം നല്‍കി
(എന്നാല്‍ ഞാനോ)

നീ ഇളംകാറ്റായിരുന്നു
ഞാന്‍ മരവും.
നാം നെയ്‌ത സ്വപ്‌നങ്ങള്‍
പൂക്കുവാന്‍ തുടങ്ങി.
പിന്നെയെപ്പോഴോ
നീ തീക്ഷ്‌ണസൂര്യനായ്‌ മാറി
ഞാന്‍ പുല്‍ക്കൊടിയും.
പിന്നെയെപ്പോഴോ
ആകാശം നരച്ചു
മഴ പെയ്‌ത്‌ തോര്‍ന്നിരുന്നു.
പിന്നെയെപ്പോഴോ
മരം ഉണങ്ങിയിരുന്നു.
കാറ്റിന്റെ ഭാവം മാറി
പിന്നെയെപ്പോഴോ
ഞാനറിഞ്ഞു
`` അത്‌ വേനലായിരുന്നു''
നീ നല്‍കിയൊരാ വേനലില്‍
ചുട്ടു പഴുത്തൊരാ മണ്ണില്‍
മഴയായി പെയ്‌തിറങ്ങുവാന്‍
ഞാനാശിച്ചു.

കാരണം;
അതെന്റെ ജീവിതമായിരുന്നു
നീയെന്ന ഉഷ്‌ണക്കാറ്റേറ്റ്‌
വാടിയൊരാ ജീവിതത്തെ
വിടര്‍ത്തുവാനായി
എനിക്ക്‌ പെയ്യേണ്ടിയിരിക്കുന്നു
ഓരോ തുള്ളിയായി
ഒടുവില്‍
പേമാരിയായി
നിന്റെ ജീവിതത്തിലും.....

21/6/08

ഹൃദയം


അവള്‍ക്കൊരു ഹൃദയമുണ്ടായിരുന്നു
മിഴികളടയ്‌ക്കുന്നത്‌ വരേക്കും
ശ്വാസം നിലയ്‌ക്കുന്നത്‌ വരേക്കും
ആരുമതറിഞ്ഞില്ല.