25/4/10

അമ്മയ്ക്കായ്

ബന്ധങ്ങളുടെ അറ്റുപോയ

കണ്ണികള്‍ തേടി

ഒരിക്കല്‍ക്കൂടി എനിക്കീ

ഭൂമിയില്‍ പിറവിയെടുക്കണം.

അന്നു നിന്റെ വയറ്റില്‍ത്തന്നെ

എനിക്കു ഞാനായിത്തന്നെ പിറക്കണം.

നിന്റെ അമ്മിഞ്ഞ നുണഞ്ഞ്,

നിന്റെ വാത്സല്യം നുകര്‍ന്ന്

ഒരിക്കല്‍ക്കൂടി ആ മടിയില്‍ തല ചായ്ക്കണം.

അന്ന്,

നമുക്കിടയില്‍ ഒരിക്കലും വേര്‍പെടാത്ത

പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ വേണം.

ഒരിക്കലും മാഞ്ഞുപോകാത്ത

പച്ചവിരിച്ച പാടങ്ങള്‍ വേണം,

ഒഴുക്കു നിലയ്ക്കാത്ത പുഴയും.



അമ്മേ,

ഞാനിപ്പോള്‍ മരിച്ചോട്ടേ?

ഒരിക്കല്‍ക്കൂടി പിറവിയെടുക്കാന്‍..

21/4/10

പറയാന്‍ കഴിയാഞ്ഞത്

മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?

പകലുകള്‍ക്ക്

ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?

ഇടനാഴിയിലെ നനുത്ത കാലൊച്ചയും

നേര്‍ത്ത ശ്വാസവും ഇപ്പോള്‍

എവിടെപ്പോയൊളിച്ചു?

ഒന്നുറപ്പാണ്,

പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന

കാറ്റു പോലും അലോസരമുണര്‍ത്തുന്നു.

അകത്ത്

മൗനം കട്ടപിടിക്കുന്നു.

പകല്‍ക്കിനാവുകളില്‍

കൂടുകെട്ടിയ വിചിത്രമായതെന്തോ

രാത്രികളില്‍ കാത്തിരിക്കുന്നു



തൊണ്ടയില്‍ കുരുങ്ങിക്കിടന്ന

വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.

മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍

പറ്റിപ്പിടിച്ച് പതിയിരുന്നു..



ഇപ്പോള്‍,

മൗനം ചിലന്തിയുടെ രൂപത്തില്‍

ഇരയെ തേടുന്നു.

നാലു മൂലകളിലും

ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.

ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ

നീയിപ്പോള്‍ നടക്കാതായി

ചില്ലുജാലകത്തില്‍

ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..

19/4/10

അബോര്‍ഷന്‍


കിതച്ചു
മെതിച്ചു
വിതച്ചു.

നനച്ചു
വളമിട്ടു
മുള പൊട്ടിച്ചു.

എന്നിട്ടും;
എന്നിട്ടും നീ പിറക്കാതെ പോയല്ലോ കുഞ്ഞേ....

12/4/10

അവസാനം

രൂപക്കൂടിനു മുന്നില്‍ നിന്നു

ഞാന്‍ പ്രാര്‍ത്ഥിച്ചു.

'ദൈവമേ,

മനുഷ്വത്വമില്ലാത്ത ഹൃദയം

എനിക്കു തരൂ..

ഞാനിവിടെ ജീവിക്കട്ടെ'

കര്‍ത്താവു കനിഞ്ഞില്ല.

പകരം, കണ്ണു നിറയെ കണ്ണീരു തന്നു.

കണ്ണീരിന്റെ ചില്ലുപാളികള്‍ക്കിടയിലൂടെ

ഞാന്‍ ഭൂമിയെ കണ്ണു നിറച്ചു കണ്ടു.

പല നിറത്തിലുള്ള കൊടികളും കൊള്ളയും

കൊള്ളസങ്കേതങ്ങളും കണ്ടു

ഞാന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു.

'കര്‍ത്താവേ, എന്റെ കണ്ണുകള്‍ തിരിച്ചെടുക്കുക.

എനിക്കിവിടെ ജീവിക്കണം. '

ഇത്തവണ കര്‍ത്താവു കനിഞ്ഞു.

പകരം കേള്‍വിശക്തി കൂട്ടിത്തന്നു.

പുതിയ കാതുമായി ഉലകം ചുറ്റാനിറങ്ങിയ

എനിക്കു ചുറ്റും രോദനം മാത്രം മുഴങ്ങി.

വീണ്ടും രൂപക്കൂടിനു മുന്നില്‍.

ദേഷ്യം പിടിച്ച കര്‍ത്താവ് എല്ലാം തിരികെ നല്‍കി.

കൂടെ ഒരുഗ്രന്‍ നാക്കു തന്നിട്ടു പറഞ്ഞു

'നീയിനി ജീവിക്കണ്ട'

എല്ലില്ലാത്ത നാക്കു

എന്തൊക്കെയോ വിളിച്ചു പറഞ്ഞു.

നാക്കിന്റെ ലഹള കേട്ട്

വിറളി പിടിച്ചവര്‍, പിടിക്കാത്തവര്‍..

ഒടുവില്‍ പാപികളുടെ കല്ലേറേറ്റു

തളര്‍ന്ന എന്നെ കാത്ത് കുരിശുമരണം

വഴിയില്‍ കിടന്നു.