12/4/10

അവസാനം

രൂപക്കൂടിനു മുന്നില്‍ നിന്നു

ഞാന്‍ പ്രാര്‍ത്ഥിച്ചു.

'ദൈവമേ,

മനുഷ്വത്വമില്ലാത്ത ഹൃദയം

എനിക്കു തരൂ..

ഞാനിവിടെ ജീവിക്കട്ടെ'

കര്‍ത്താവു കനിഞ്ഞില്ല.

പകരം, കണ്ണു നിറയെ കണ്ണീരു തന്നു.

കണ്ണീരിന്റെ ചില്ലുപാളികള്‍ക്കിടയിലൂടെ

ഞാന്‍ ഭൂമിയെ കണ്ണു നിറച്ചു കണ്ടു.

പല നിറത്തിലുള്ള കൊടികളും കൊള്ളയും

കൊള്ളസങ്കേതങ്ങളും കണ്ടു

ഞാന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു.

'കര്‍ത്താവേ, എന്റെ കണ്ണുകള്‍ തിരിച്ചെടുക്കുക.

എനിക്കിവിടെ ജീവിക്കണം. '

ഇത്തവണ കര്‍ത്താവു കനിഞ്ഞു.

പകരം കേള്‍വിശക്തി കൂട്ടിത്തന്നു.

പുതിയ കാതുമായി ഉലകം ചുറ്റാനിറങ്ങിയ

എനിക്കു ചുറ്റും രോദനം മാത്രം മുഴങ്ങി.

വീണ്ടും രൂപക്കൂടിനു മുന്നില്‍.

ദേഷ്യം പിടിച്ച കര്‍ത്താവ് എല്ലാം തിരികെ നല്‍കി.

കൂടെ ഒരുഗ്രന്‍ നാക്കു തന്നിട്ടു പറഞ്ഞു

'നീയിനി ജീവിക്കണ്ട'

എല്ലില്ലാത്ത നാക്കു

എന്തൊക്കെയോ വിളിച്ചു പറഞ്ഞു.

നാക്കിന്റെ ലഹള കേട്ട്

വിറളി പിടിച്ചവര്‍, പിടിക്കാത്തവര്‍..

ഒടുവില്‍ പാപികളുടെ കല്ലേറേറ്റു

തളര്‍ന്ന എന്നെ കാത്ത് കുരിശുമരണം

വഴിയില്‍ കിടന്നു.

3 അഭിപ്രായങ്ങൾ:

ഒരു യാത്രികന്‍ പറഞ്ഞു...

ഇഷ്ടമായി....പക്ഷെ എവിടെയൊക്കെയോ ഒരിത്തിരി മൂര്‍ച്ചക്കുറവു തോന്നി.......സസ്നേഹം

Jisha Elizabeth പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jisha Elizabeth പറഞ്ഞു...

എന്റെ കര്‍ത്താവേ... :-(