മഴയുടെ കഥ; മകളുടേയും
31/12/08
മെഴുകുതിരി
ഞാന്‍ കാണുമ്പോള്‍,
ഒരു ജന്മത്തിന്റെ ദുരിതവും പേറി
നനഞ്ഞു കുതിര്‍ന്ന പൂഴിമണലില്‍
ഒളിച്ചിരിക്കുകയായിരുന്നു അവള്‍.
അസഹ്യമായ ചൂടില്‍ നിന്ന്
രക്ഷപ്പെടാനെന്ന പോലെ.
കടപ്പുറത്തെ കരിമണലില്‍
കറുത്തു നീണ്ട നാസികത്തുമ്പു
ആര്‍ക്കോ കത്തിക്കാനെന്ന ഭാവേന അലക്ഷ്യമായി
നീട്ടിയിട്ട് അവള്‍ കിടന്നു.
വെളുത്തു നീണ്ട ഉടല്‍
പകുതിയോളം ഉരുകിത്തീര്‍ന്നും
കരിമണല്‍ കുത്തിത്തറച്ച്
കുത്തുകള്‍ വീണും വികൃതമായിരുന്നു.
എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും,
വേദനയില്‍ അലിഞ്ഞില്ലാതാകുമ്പോഴും
ഇരുളിനെ വെളിയിലാക്കി കാവല്‍ നിന്ന്
സ്വയം ഉരുകിയൊലിച്ച അവള്‍ക്കു
എന്റെ ഛായയല്ലേ?
വശങ്ങളില്‍ ഉരുകിയൊലിച്ച
ശരീരാവശിഷ്ടങ്ങള്‍
പറ്റിപ്പിടിച്ച് രൂപം മാറിയ ആ
മെഴുകുതിരി ഞാന്‍ തന്നെയല്ലേ?
വേദനയുടെ കരിമണല്‍ പറ്റി
എന്റെ മനസ്സും വികൃതമായിരിക്കുന്നു..
ഉള്ളില്‍ അണയാതെ നില്‍ക്കുന്ന തിരിയും
വെന്തു തീരാറായ ഹൃദയവും പേറി
തണുത്തുറഞ്ഞ ജലാശയങ്ങള്‍ തേടുന്ന
ഞാന്‍ തന്നെയാണാ മെഴുകുതിരി.
23/12/08
വിലപ്പെട്ടത്
എന്റെ
കൈയിലെ നിന്റെ നിധികുംഭം ഞാനിന്ന് വലിച്ചെറിയും.
നിന്ടെ വിലയേറിയ സ്‌നേഹത്തിന്റെ മുത്തുകള്‍
താഴെ,
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വീണു ചിതറും.
കടല്‍കാക്കകള്‍ അവയ്‌ക്കു മീതേ
വട്ടമിട്ടു പറക്കും.
സമുദ്രം നിന്റെ രുചിയറിയും.
ഞാന്‍,
ഞാന്‍ മാത്രം
നിന്റെ നഷ്ടപ്പെടലില്‍ പൊട്ടിച്ചിരിക്കും.
ഒടുവില്‍ ഭ്രാന്തിയെപ്പോലെ
പാറക്കൂട്ടത്തിലേക്കു ചാടിയിറങ്ങുന്ന
എന്നെ നോക്കി ആളുകള്‍ പറയും.
വിഡ്‌ഢിയായ രാജകുമാരി
25/11/08
15/11/08
പിറവി
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടുന്ന നക്ഷത്രങ്ങള്‍,
നീലക്കടലിനു മുകളില്‍
വട്ടമിട്ടു പറക്കുന്ന നിലാപ്പക്ഷികള്‍.
കറുത്ത സൂര്യന്റെ ജനനം വിളിച്ചോതുന്ന
ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന് എങ്ങനെയാണ് നിന്റെ ഛായ വരിക?
അസ്വസ്ഥമായ രാത്രികളില്‍
ഉണ്ണിയേശുവിന്റെ മുഖമുള്ള
നീ എന്നില്‍ പാകിയ വിത്തിനു
എന്റെ ഛായയാണു വേണ്ടത്...
കാരണം,
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്...
12/11/08
വേദന
എന്റെ കരള്‍
വീണ്ടും പുഴുവരിയ്‌ക്കുന്നു.
ആമാശയത്തിനുള്ളില്‍ നിന്നു
പുറത്തു കടന്ന
സൂചിപ്പുഴുക്കള്‍ ഞാന്നു
കിടന്നെന്റെ ഹൃദയം വേദനിയ്‌ക്കുന്നു.
മരണത്തിന്റെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു
വീണെനിക്കു തണുക്കുന്നു
ശൂന്യമായ നാലു ചുവരുകള്‍ക്കുള്ളില്‍
ഞാനും ജീവിതവും പുണര്‍ന്നുറങ്ങി.
നീണ്ട ഉറക്കത്തില്‍ നിന്നുണരാന്‍
ആരെങ്കിലും എന്നെയൊന്നു വിളിച്ചിരുന്നെങ്കില്‍....
എന്റെ കരളില്‍ ദ്വാരം വീണിരിക്കുന്നു.
വേദനയുടെ കടലേ,
നീയെന്നാണിനി വറ്റുക?
വറ്റിത്തീര്‍ന്ന ജലാശയത്തില്‍
ഞാനെന്റെ റോസാപ്പൂക്കള്‍ വിരിയിക്കട്ടെ.
വേദനയുടെ കടലേ,
നീയെന്നാണ് വറ്റിത്തീരുക?
7/11/08
മയക്കുമരുന്ന്
നീണ്ട ഇടനാഴിയുടെ
അങ്ങേയറ്റത്താണ് എന്റെ മുറി
പ്രകാശം അരിച്ചിറങ്ങുന്ന
മുറിക്കുള്ളിലിരുന്നു
ഞാനിപ്പോള്‍ വിഷാദം രുചിക്കുന്നു.
നേര്‍ത്ത ലോഹക്കുഴലിലൂടെ
ഞരമ്പുകളില്‍ ആഴ്ന്നിറങ്ങുന്ന
പെത്തഡിനു വിഷാദത്തിന്റെ മണം.
ചുവന്ന വെള്ളത്തില്‍
ഒഴുകിപ്പരന്ന മരുന്നിനിപ്പോള്‍
ഭ്രാന്തിന്റെ വേഗത.
കടന്നല്‍ക്കൂട്ടങ്ങള്‍
തലയ്‌ക്കുള്ളില്‍ ചൂളം കുത്തുമ്പോള്‍,
ചുവന്ന വെള്ളം നീലയാകുമ്പോള്‍,
ദൂരെ,
മരുഭൂമിയില്‍ ഞാനെന്റെ
മണല്‍പ്പാവ കാണുന്നു.
പാവയ്ക്കരികില്‍ തകര്‍ന്നടിഞ്ഞ
എന്റെ കൊട്ടാരവും.
4/10/08
സ്വപ്‌നഗിരിയിലേക്കുള്ള വണ്ടി
അതൊരു മഴക്കാലമായിരുന്നു
മഴ നനഞ്ഞ്,
ഓടിയെത്തിയപ്പോഴേക്കും
തീവണ്ടി നേര്‍ത്ത കിതപ്പോടെ
ചൂളംകുത്തിപ്പാഞ്ഞു പോയി.
സ്വപ്‌നഗിരിയിലേക്കുള്ള അവസാനവണ്ടി.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം
എന്നെ തേടിയെത്തിയ
ഒറ്റക്കോച്ചുള്ള തീവണ്ടി.
വണ്ടിക്കൊപ്പം പാഞ്ഞു പോയത്
എന്റെ ജീവിതവും.
ആ വണ്ടിയിലായിരുന്നു എന്റെ കൂട്ടുകാരന്‍
തീവണ്ടിയെ പ്രണയിച്ചവന്‍,
വാഗ്‌ദാനങ്ങളുടെ തോഴന്‍.
അവനിപ്പോള്‍
സ്വപ്‌നഗിരിയിലേക്കുള്ള യാത്രയിലാവും.
പെയ്‌തു തോര്‍ന്ന മഴയും
മാഞ്ഞു തുടങ്ങിയ സന്ധ്യയും
എന്നെ നോക്കി പരിഹസിച്ചു.
ഇപ്പോള്‍,
ഈ റെയില്‍വേ സ്‌റ്റേഷനില്‍
ഞാന്‍ തനിച്ചാണ്.
മുറിഞ്ഞ മനസ്സും,
തുറിച്ച കണ്ണുകളും,
തണുത്തുറഞ്ഞ ശരീരവുമുള്ള
യാത്രികരുണ്ടെങ്കിലും ഞാന്‍ തനിച്ചാണ്.
ഇരുട്ട് എന്നെ കീഴ്‌പ്പെടുത്തുന്നതു വരേ...
24/9/08
വീട്
അസ്വസ്ഥമായ ആത്മാക്കളുടെ
കൂടാരമായിരുന്നു വീട്
പല്ലികളുടെ ചിലക്കല്‍ പോലെ
അച്ഛനും
അമ്മയും
മക്കളും
അതിനുള്ളില്‍
കലഹിച്ചു കൊണ്ടിരുന്നു.
വാക്കുകള്‍ തെറിച്ചു വീഴുമ്പോള്‍
അവയുടെ മുന തട്ടി
ഭിത്തി വിണ്ടു.
വിള്ളല്‍ വീണ വീടിപ്പോള്‍
ഒഴിഞ്ഞ പ്രേതപ്പറമ്പ് പോലെ ശൂന്യം.
കരിപിടിച്ച അടുപ്പുകല്ലിന്റെ
നെടുവീര്‍പ്പു മാത്രം ഉയര്‍ന്നു കേള്‍ക്കാം.
അമര്‍ത്തിയ തേങ്ങലുകള്‍
വീടിനുള്ളില്‍ പാഞ്ഞു നടന്നു,
ചിതറിയ ചോറിന്‍വറ്റുകള്‍ തേടി
ഉറുമ്പുകളും.
വെളിച്ചവും കട്ട പിടിച്ച ഇരുട്ടുറ
ഇടി കൂടിയ മുറിക്കുള്ളില്‍
ആത്മാക്കള്‍ ബോധം കെട്ടുറങ്ങി.
കള്ളിന്റെ നേര്‍ത്ത ഗന്ധം
തിങ്ങിയ വീട്ടില്‍
നിന്ന് ഒരാത്മാവ്
എഴുന്നേറ്റ് ആ വീടിനെ നോക്കി.
വിളറിയ നിലാവില്‍ അത്
കറുത്ത മഴ നനഞ്ഞ
ശവകുടീരം പോലെ എഴുന്നു നിന്നു
എന്റെ വീട്
ലഹരി
18/9/08
ആവലാതികള്‍
ഉരുകുന്ന എന്റെ മനസ്സിനു
പകരം നീയെന്താണ് എനിക്ക് തരിക?
കത്തിത്തീരാത്ത മെഴുകുതിരിയോ?
ചേറില്‍ ചവിട്ടിക്കുഴച്ച
എന്റെ സ്‌നേഹത്തിനു പകരം
നീയെന്താണ് തരിക?
മാഞ്ഞു തുടങ്ങിയ മഴവില്ലോ?
കണ്ണീരില്‍ മുക്കിപ്പൊരിച്ച
സ്വപ്‌നങ്ങള്‍ക്കു പകരവും
ചൂളയില്‍ ചുട്ടെടുത്ത പ്രതീക്ഷകള്‍ക്കു പകരവും
നീയെന്താണ് തരിക?
്‌അതെല്ലാം പോകട്ടേ,
എന്റെ ഈ ആവലാതികള്‍ക്കു നീ
എന്തുത്തരമാണ് തരിക?
പകരം നീയെന്താണ് എനിക്ക് തരിക?
കത്തിത്തീരാത്ത മെഴുകുതിരിയോ?
ചേറില്‍ ചവിട്ടിക്കുഴച്ച
എന്റെ സ്‌നേഹത്തിനു പകരം
നീയെന്താണ് തരിക?
മാഞ്ഞു തുടങ്ങിയ മഴവില്ലോ?
കണ്ണീരില്‍ മുക്കിപ്പൊരിച്ച
സ്വപ്‌നങ്ങള്‍ക്കു പകരവും
ചൂളയില്‍ ചുട്ടെടുത്ത പ്രതീക്ഷകള്‍ക്കു പകരവും
നീയെന്താണ് തരിക?
്‌അതെല്ലാം പോകട്ടേ,
എന്റെ ഈ ആവലാതികള്‍ക്കു നീ
എന്തുത്തരമാണ് തരിക?
16/9/08
ഖബറിടം
നൂല്‍മഴ നനഞ്ഞു കൊണ്ടാണ്
അവിടേക്ക് ഞാന്‍ കയറിച്ചെന്നത്
കാക്കപ്പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്ന
വഴിത്താരയുടെ അറ്റമാണ്
എന്റെ ലക്ഷ്യം
മഴയുടെ നേര്‍ത്ത സൂചികള്‍
മുഖത്തേക്ക് പതിച്ച്
എന്റെ കാഴ്‌ച മറഞ്ഞു.
മങ്ങിയ കാഴ്‌ച..
ഇവിടെയാണ് അവസാനം.
സഞ്ചാരിയെ ഭയപ്പെടുത്തുന്ന
നിശബ്ദത തളംകെട്ടി നിന്ന അന്തരീക്ഷം.
ചുറ്റും കാടായിരുന്നു
മൈലാഞ്ചിക്കാടുകള്‍..
കാട്ടിനുള്ളില്‍ വിഹരിക്കുന്ന
ആത്മാക്കള്‍ക്കിടയില്‍
ഞാനെന്റെ കാമുകരെ കണ്ടു..
ഹൃദയമില്ലാത്തവര്‍ക്കിടയില്‍
പിടയുന്ന അവര്‍ക്കിടയിലൂടെ
ഞാന്‍ നീങ്ങി.
യാത്രയുടെ അവസാനം
കാടുകള്‍ക്കിടയില്‍
മഴയില്‍ തകര്‍ന്ന ശില്‍പ്പം പോലെ
അവ ഉയര്‍ന്നു നിന്നു
പ്രണയത്തിന്റെ മീസാന്‍ കല്ലുകള്‍.
15/9/08
കേള്‍ക്കാന്‍ മറന്നത്
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
പെയ്‌തിറങ്ങി അവസാനിക്കുമ്പോള്‍
മഴത്തുള്ളികള്‍ക്ക് എന്നോട് പറയാനുള്ളതെന്തായിരുന്നു?
കാറ്റിന്റെ മണവും
കാര്‍മേഘത്തിന്റെ നിറവും
ചേര്‍ന്നതാണ് നീയെന്നോ?
സൂര്യന്റെയും കടലിന്റെയും
കാമത്തിന്റെ അവശിഷ്ടമാണ് നീയെന്നോ?
അതോ,
നിന്നെപ്പോലെയാണ് ഞാനെന്നോ?
കളിമുറ്റത്ത് മഴ നോക്കി നില്‍ക്കുമ്പോള്‍,
പുഴയില്‍ ആഞ്ഞുപതിക്കുന്ന
മഴത്തുള്ളികളെ പ്രണയിക്കുമ്പോള്‍,
സൂര്യനും കടലും കാമിച്ച കഥ
ഞാന്‍ കേട്ടിരുന്നു.
പക്ഷേ,
ഞാന്‍ നീയാകുന്ന കഥ
ഏത് തീരത്തു വെച്ചാണ് ഞാന്‍ കേട്ടത്?
മഴത്തുള്ളികളെ ഏറ്റുവാങ്ങി പായുമ്പോള്‍
പുഴ പറഞ്ഞതെന്തായിരുന്നു?
ആയിരം മഴത്തുള്ളികള്‍
ചേര്‍ന്നതാണ് നീയെന്നോ?
അതോ,
മഴത്തുള്ളിയെപ്പോലെ അവസാനിക്കാതെ
തണുത്തൊഴുകുന്ന പുഴയാകൂ എന്നോ?
എനിക്ക്
മഴയാകാനും പുഴയാകാനും ഇഷ്ടം.
തുള്ളികള്‍ക്ക് കണ്ണീരിന്റെ രൂപമാകുമ്പോള്‍,
കുതിച്ചുപായുന്ന നിള വീണ്ടും വറ്റുമ്പോള്‍,
ആരുടെ നിര്‍ദ്ദേശമാണ് ഞാന്‍ കേള്‍ക്കേണ്ടത്?
ആരുടെ നിര്‍ദ്ദേശമാണ് ഞാന്‍ കേള്‍ക്കേണ്ടത്?
14/9/08
ഭക്ഷണമുറി
മഞ്ഞനിറമുള്ള വെളിച്ചം
അലങ്കാരമായ
ഭക്ഷണമുറിയായിരുന്നു അത്
വാന്‍ഗോഗിന്റെ
ഉരുളക്കിഴങ്ങു തീറ്റക്കാരെ
ഓര്‍മിപ്പിക്കുന്ന
ചുളിഞ്ഞ മുഖമുള്ള
ആളുകള്‍
ശബ്ദമില്ലാതെ
തിന്നു കൊണ്ടിരുന്നു
അഴുക്കു പിടിച്ച
നീളന്‍ പാത്രത്തിലെ
ഭക്ഷണവസ്‌തു ഞാനായിരുന്നു
മങ്ങിയ വെളിച്ചത്തിന്റെ
മറവില്‍,
അവരെന്നെ കീറിമുറിച്ചു തിന്നു
പതുക്കെ,
കത്തിയും ഫോര്‍ക്കും
എന്റെ അവയവങ്ങളിലേക്ക്
ആഴ്‌ന്നിറങ്ങി
കണ്ണ്,
കാത്,
കരള്‍,
മൂക്ക്‌്,
ചുണ്ട്,
ഒടുവില്‍ ഹൃദയവും.
മുറിഞ്ഞു വിണ
ഹൃദയത്തിന്റെ
കെഷണം രുചിച്ചു
നോക്കി വിധികര്‍ത്താക്കള്‍
വിധിച്ചു.
'' ഇതിനു രുചിയില്ല
ഉപയോഗശൂന്യം""
കരിയിലകള്‍ക്കിടയില്‍
മഴയും മഞ്ഞുമേറ്റ്
ആര്‍ക്കോ വേണ്ടി
എന്റെ ഹൃദയം
കാത്തു കിടന്നു
കാത്തിരിപ്പിനൊടുവില്‍
രുചിയില്ലാത്ത് ഹൃദയം
ചിതലുകള്‍ക്ക് ഭക്ഷണമായി
കാമുകന്‍
കറുത്ത തലപ്പാവും
നീളന്‍ കോട്ടും
തുള വീണ
മുഖംമൂടിയും
വരണ്ടുണങ്ങിയ
കാല്‍പ്പാദങ്ങളും
അവന്റെ പ്രത്യേകതയായിരുന്നു
രാത്രിയുടെ നീണ്ട
യാമങ്ങളില്‍
മരവിച്ച മുഖവുമായി
കടന്നു വന്ന്
അവനെന്നെ പ്രണയിച്ചു
കറുത്ത ചുണ്ടുകളില്‍
പ്രണയം നിറച്ച്
എന്നെ ചുംബിച്ചു
മഴ തിമിര്‍ത്തു
പെയ്യുന്ന പകലുകളില്‍
എന്നെ പുഴയ്‌ക്കു
മുകളില്‍ നിര്‍്‌ത്തി
നൃത്തം ചവിട്ടി
പെയ്‌തു തോര്‍ന്ന
മഴയിലേക്ക്‌്
കാമുകിയെ വലിച്ചെറിഞ്ഞ്
തിരസ്‌കരണത്തിന്റെ
ലോകത്തു നിന്ന്
യാത്രയാക്കി
എന്റെ കാമുകന്‍.
തിരസ്‌കരണത്തിന്റെ
ബാക്കിയെന്നോണം
ഞരമ്പുകളില്‍
നിന്നൊഴുകിയിറങ്ങിയ
ചോര മാത്രം
പുഴയില്‍ നേര്‍രേഖയായി
16/8/08
ഏകാകിനി
ഇരുണ്ട യാമങ്ങളിലൂടെ
ഞാന്‍ പൊയ്‌ക്കൊണ്ടിരുന്നു
വിജനതയില്‍ പതിയിരുന്ന
പിശാചുക്കളുടെ നിറവും
കറുപ്പായതിനാല്‍
ഞാന്‍ ഭയന്നില്ല.
എന്നാല്‍,
അവയുടെ അട്ടഹാസമെന്നെ
ഭയപ്പെടുത്തി.
ആരാണെനിക്കാശ്രയം
ഞാനേകയാണ്.
ഇരുട്ടിന്റെ താഴ്‌വരയില്‍
നിന്നനേകം കണ്ണുകളെന്നെ
തുറിച്ചു നോക്കുന്നു.
ആരാണെനിക്കാശ്രയം
ഞാനേകയാണ്.
ഇരുള്‍മൂലകളില്‍
നിന്നെയ്‌ത,
ചോരമണമുള്ള
അമ്പുകളേറ്റെന്റെ
ആശയുടെ കണങ്ങളും
അറ്റുവീണു.
അറ്റുവീണ കണങ്ങളോരോന്നായി
പെറുക്കിയെടുത്ത്
ഞാനും യാത്ര തുടര്‍ന്നു.
കറുത്ത പ്രണയവും
ദുഷിച്ച വായുവും
കനല്‍ വിരിച്ച പാത താണ്ടി,
്‌ദൂരെയുള്ള പ്രകാശവര്‍ഷം
കണ്ടെത്തി.
അത്,
എന്റെ പ്രതീക്ഷയാണ്.
ദുര്‍ഘടമായ
വഴി്‌ത്താരയുടെ
അവസാനം കണ്ടെത്തിയ
പ്രതീക്ഷ തേടി
ഞാന്‍ നടന്നടുക്കുകയാണ്.
ഞാനേകയാണ്
ആരാണെനിക്കാശ്രയം.
മുല്ലപ്പൂവിന്റെ അന്ത്യം
എന്റെ രാത്രികള്‍ക്കെപ്പോഴും
പൂവിന്റെ ഗന്ധമായിരുന്നു.
മുല്ലപ്പൂവിന്റെ.
മുല്ലപ്പൂക്കള്‍ നൃത്തം
വെയ്‌ക്കുന്ന രാത്രി
നിലാവ് ഒഴുകുന്ന
രാത്രിയില്‍,
ഇരുണ്ട മച്ചിന്റെ,
ഇരുണ്ട മൂലയില്‍ നോക്കി
ഞാനവയെ വിരിയിക്കും.
ഓരോ ഇതളുകളായി
ഒടുവില്‍ പൂവാകും വരെ.
പൂവിന്റെ മണവും
കാമുകന്റെ ഗന്ധവും
ഒന്നായപ്പോള്‍
ഞാനവയെ പ്രണയിച്ചു.
നീണ്ട പ്രണയത്തിനൊടുവില്‍
ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കള്‍
മാത്രം ബാക്കി.
രാധയുടെ മാത്രം
ഞാന്‍ രാധയായിരുന്നു
കൃഷ്‌ണന്റെ രാധ
കൃഷ്‌ണന്‍,
രാധയുടേതാണ്.
രാധയുടെ മാത്രം.
വൃന്ദാവനത്തില്‍
കാമിച്ചു കൊണ്ടിരുന്നപ്പോള്‍
നിറുകയില്‍ ചുംബിച്ച്
എന്നോടവന്‍ മന്ത്രിച്ചു
'' നീ എന്റേതാണ്
എന്റേതു മാത്രം""
ഓടക്കുഴലൂതി എന്നെ
മാടി വിളിക്കുമ്പോഴും
അവന്‍ എന്റേതായിരുന്നു
പിന്നെ;
എപ്പോഴാണ്
കൃഷ്‌ണന്‍
എനിക്ക് നഷ്ടമായത്?
രാസകേളികള്‍ക്ക്
ഗോപികമാരെ തെരഞ്ഞപ്പോള്‍
രാധയെ മറന്ന കണ്ണന്‍.
വീണ്ടുമവന്‍ എന്നോട് മന്ത്രിച്ചു
'' കാമത്തിന് ഒരര്‍ത്ഥമേയുള്ളൂ
കാമം മാത്രം``
ചുംബനത്തിനപ്പോള്‍
മരണത്തിന്റെ തണുപ്പായിരുന്നു
തണുപ്പ് താഴോട്ടിറങ്ങവേ
അവന്‍ പറഞ്ഞു
'' എന്റെ കാമത്തിന്റെ
ഇരയാണു നീ``
കൃഷ്‌ണനിപ്പോള്‍
മറ്റൊരു മുഖമാണ്
രൗദ്രഭാവമണിഞ്ഞ
കീചകന്റെ....
14/8/08
നഗ്നത
പുതപ്പിനുള്ളില്‍
നഗ്നയാണെന്ന
തിരിച്ചറിവ്
എന്നെ തകര്‍ത്തു
പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി
നഗ്നയാണെന്ന
തിരിച്ചറിവ്
എന്നെ തകര്‍ത്തു
പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി
13/8/08
കറുത്ത കണ്ണുള്ള നാക്ക്
ഇരുട്ടില്‍,
അവള്‍ ഒറ്റയ്‌ക്കായിരുന്നു
വെളിച്ചം കാണാതെ,
അര്‍ത്ഥം തിരയാതെ,
മൂര്‍ച്ചയേറിയ വാക്കുകള്‍
ശരങ്ങളായി തൊടുത്ത്
കണ്ണീര്‍ പോലും
കറുപ്പാക്കി
ഇരുളില്‍,
അവള്‍ ഒറ്റയാള്‍പ്പട നയിച്ചു.
നിഴലുകളോടായിരുന്നു
അവളുടെ യുദ്ധം
കറുത്ത നിഴലുകള്‍.
വാളേന്തിയ കൈകളും
താലത്തില്‍ അരിഞ്ഞുവെച്ച
ചുവന്ന നാക്കുകളുമായി
നിഴലുകള്‍ പടവെട്ടി
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള
അവളുടെ നാക്കിനായി.
നാക്കായിരുന്നു അവളുടെ ആയുധം
കറുത്ത കണ്ണുള്ള നാക്ക്.
വായുവില്‍,
വാളിനു പകരം
നാവു ചുഴറ്റി
നേടിയെടുത്ത സാമ്രാജ്യത്തില്‍
ഏകയായി അവള്‍ പടപൊരുതി.
നാവില്‍ നിന്നൂറി വന്ന
ഉമിനീരു കൊണ്ട്
നിഴലുകള്‍ തീര്‍ത്ത
കനലുകളെ കരിക്കട്ടയാക്കി.
നാക്കിനു വേണ്ടി.
നാക്കിലാണ് പ്രാണന്‍.
കറുത്ത കണ്ണടയില്‍
പൊതിഞ്ഞ കണ്ണുള്ള നാക്ക്.
പ്രാണനു വേണ്ടി
പൊരുതിയ പോരാട്ടത്തിനൊടുവില്‍
കാഴ്‌ച തന്ന കണ്ണടയും നിഴല്‍.
ഇരുളില്‍,
അവള്‍ക്കിനി തുഴയാന്‍
പാതി വെന്ത കൈകള്‍ മാത്രം.
കണ്ണടയ്‌ക്കൊപ്പം
മുറിഞ്ഞു വീണ നാക്കിനിപ്പോള്‍
നിറം കറുപ്പ്.
24/6/08
ചുവപ്പിന്റെ സന്തതി
എനിക്കു ചുറ്റും ചുവപ്പാണ്
നിരത്തിലോടുന്ന ബസിനും
തുണിസഞ്ചികള്‍ക്കും
ഉടുതുണിക്കും പേനയ്‌ക്കും വരെ,
എന്തിനേറെ,
എന്റെ സിരകളില്‍പ്പോലും
ചുവപ്പൊഴുകുന്നു.
ചുവപ്പ്;
ചുവപ്പോടെയായിരുന്നു എന്റെ ജനനം.
ചോരയ്‌ക്കൊപ്പം തെറിച്ചു വീണവള്‍,
ചുവപ്പിന്റെ സന്തതി.
ഉള്ളില്‍ ചുവപ്പിന്റെ കരുത്തുമായ്
വളര്‍ന്നവള്‍.
എപ്പോഴോ ചുവപ്പിന്റെ
അണപൊട്ടിയൊഴുകി
ഞാനൊരു സ്‌ത്രീയായി.
വളര്‍ച്ചയുടെ കാലഘട്ടം,
രാഷ്‌ട്രീയത്തിനും സൗന്ദര്യത്തിനും
ചുണ്ടിലെ ചായത്തിനും
നിറം ചുവപ്പ്!
ചുവപ്പ്;
അതെനിക്ക് മാത്രമായിരുന്നോ?
എന്റെയുള്ളില്‍ തീ വിതച്ചവനും
ചുവപ്പായിരുന്നു.
കാമത്തിന്റെ ചുവപ്പ്.
ചുവപ്പിനൊപ്പം തെളിഞ്ഞു നിന്ന
അഗ്നിയും.
അവന്റെ ചുവപ്പ് എന്റേതാക്കാന്‍
ഞാനാഗ്രഹിച്ചു.
ഒടുവില്‍,
ഞാനാകെ ചുവന്നിരുന്നു.
അവന്റെ ചുവപ്പ് ഞാന്‍
കടം കൊണ്ടു.
ഇന്ന്;
മറ്റൊന്നിലും ചുവപ്പില്ല.
അവയെല്ലാം നിറം മങ്ങി
കറുപ്പായി.
എന്നാല്‍,
എന്റെ കൈകളില്‍ മാത്രം ചുവപ്പാണ്
അവന്റെ ചുവപ്പ്...
നിനക്കായ്
ഞാനൊരു മഴമേഘമായിരുന്നു
നീ നീലാകാശവും.
നിന്റെ അപാരതയില്‍ നീ=
യെനിക്കിടം നല്‍കി
(എന്നാല്‍ ഞാനോ)
നീ ഇളംകാറ്റായിരുന്നു
ഞാന്‍ മരവും.
നാം നെയ്‌ത സ്വപ്‌നങ്ങള്‍
പൂക്കുവാന്‍ തുടങ്ങി.
പിന്നെയെപ്പോഴോ
നീ തീക്ഷ്‌ണസൂര്യനായ് മാറി
ഞാന്‍ പുല്‍ക്കൊടിയും.
പിന്നെയെപ്പോഴോ
ആകാശം നരച്ചു
മഴ പെയ്‌ത് തോര്‍ന്നിരുന്നു.
പിന്നെയെപ്പോഴോ
മരം ഉണങ്ങിയിരുന്നു.
കാറ്റിന്റെ ഭാവം മാറി
പിന്നെയെപ്പോഴോ
ഞാനറിഞ്ഞു
`` അത് വേനലായിരുന്നു''
നീ നല്‍കിയൊരാ വേനലില്‍
ചുട്ടു പഴുത്തൊരാ മണ്ണില്‍
മഴയായി പെയ്‌തിറങ്ങുവാന്‍
ഞാനാശിച്ചു.
കാരണം;
അതെന്റെ ജീവിതമായിരുന്നു
നീയെന്ന ഉഷ്‌ണക്കാറ്റേറ്റ്
വാടിയൊരാ ജീവിതത്തെ
വിടര്‍ത്തുവാനായി
എനിക്ക് പെയ്യേണ്ടിയിരിക്കുന്നു
ഓരോ തുള്ളിയായി
ഒടുവില്‍
പേമാരിയായി
നിന്റെ ജീവിതത്തിലും.....
21/6/08
ഹൃദയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)