12/6/10

മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)


മഴ പെയ്യുന്നുണ്ട്
ഇടി വെട്ടുന്നുമുണ്ട്
ഹൃദയത്തിലാണെന്നു മാത്രം.
വൈകി വന്ന എന്റെ പ്രണയമേ,
ദൂരെയിരുന്ന് നീ കാണുന്നില്ലേ...
നാമൊരുമിച്ചു നനയാന്‍
കൊതിച്ച ഈ മഴക്കാലം.

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു.
ഓര്‍മകളുടെ ഈ മഴ നനയാന്‍
ഈ വഴിത്താരയില്‍ ഞാന്‍ വീണ്ടും തനിച്ച്.

മാഞ്ഞു പോയൊരു മഴക്കാലസന്ധ്യയാണ്
ഇപ്പോഴെനിക്കു മുന്നില്‍.
കര്‍ക്കിടകത്തിന്റെ കുളിരുമായെത്തി,
ഹൃദയത്തില്‍ ഇടിമിന്നലേല്‍പ്പിച്ചു
മാഞ്ഞുപോയ സന്ധ്യ.
ചാറ്റല്‍ മഴയുടെ സൗന്ദര്യവുമായി,
കുണുങ്ങി കുണുങ്ങി പെയ്തു
മുന്നില്‍ വന്നു നിന്ന നിന്റെ രൂപം.
ഇടവപ്പാതിയായി എന്റെ മുമ്പില്‍
തകര്‍ത്തു പെയ്തിട്ടും
അറിയാതെ പോയ പ്രണയമേ....
വൈകിയെത്തിയ ഈ വേളയില്‍
എന്റെ മനസ്സിലിപ്പോള്‍
തുലാവര്‍ഷം തകര്‍ത്തു പെയ്യുന്നു,
ഹൃദയം കിടുക്കി ഇടിയും
മുറിവേല്‍പ്പിച്ച് മിന്നലും.

എങ്കിലും എന്റെ പ്രണയമേ,
അറിയുന്നു ഞാന്‍..
ഈ മഴക്കാലത്തിനും ഒരു സുഖമുണ്ട്.
നനുത്ത സുഖം.