29/1/09

സങ്കടംഉള്ളില്‍ നിന്നു


തേട്ടി വന്ന


വാക്കുകളെ ചുരുട്ടിക്കൂട്ടി


മൂലയ്‌ക്കിട്ടു.


മൂലയില്‍ നിന്നു തോണ്ടിയെടുത്ത്‌


മൗനത്തിന്റെ


കട്ടിയുള്ള പുറന്തോടു കൊണ്ടതിനെ


മൂടിപ്പൊതിഞ്ഞ്‌


ഹൃദയത്തിലടുക്കി വെച്ചു.


എന്നാല്‍,


വൈകിപ്പോയി.


മരിച്ച മനസിന്റെ


കോണില്‍ നിന്ന്‌ എത്തി


നോക്കാന്‍ തുടങ്ങിയിരുന്നു


കരച്ചിലിന്റെ നേര്‍ത്ത


ചീളുകള്‍..

7/1/09

അങ്ങനെ ഒരു മഴയില്‍


ഇവിടെ നല്ല മഴയാണ്‌.

വെള്ളിനൂലുകള്‍ പോലെ
താഴേക്ക്‌ ഞാണിറങ്ങി വരുന്ന
നൂല്‍മഴ.
ചാഞ്ഞും ചെരിഞ്ഞും ഇടയ്‌ക്കൊന്നു പുളഞ്ഞും
തിമിര്‍ത്തു പെയ്യുന്ന എന്റെ മഴ.
പുതുമഴയില്‍ നനഞ്ഞുകുളിര്‍ന്ന
മണ്ണിന്റെ ഗന്ധം.

അപ്പോഴൊക്ക മഴയെനിക്കൊരു കഥയാകും.
പാടവരമ്പില്‍ നിന്നു ഉമ്മറത്തൊടിയിലേക്ക്‌
ഞാനാദ്യം ഞാനാദ്യമെന്നു
മത്സരിച്ചു മഴയെ തോല്‍പ്പിച്ച വീരകഥ.
കര്‍ക്കിടകപ്പെയ്‌ത്തില്‍ അകവും പുറവും
കുളിരുമ്പോള്‍ മഴ
പഴയ പ്രണയത്തിന്റെ കഥ പറയും.

ശരത്‌കാലത്തെ പ്രണയിച്ച മഴ.
ഒരിക്കല്‍ മഴ മഞ്ഞിനോടു പറഞ്ഞു
''പ്രണയികള്‍ക്കു ഉല്ലസിക്കാന്‍
എനിക്കു നിന്നോടൊപ്പം പെയ്യണം""
പ്രണയത്തിന്റെ തീക്ഷ്‌ണതയില്‍ മഴയും മഞ്ഞും
ഒറ്റപ്പെയ്‌ത്ത്‌!
അങ്ങനെയാണത്രേ ആലിപ്പഴങ്ങളുണ്ടായത്‌.


പുറത്ത്‌,
മഴ കനക്കുന്നു.
ഇവിടെ നല്ല മഴയാണ്‌

തണുത്തുറഞ്ഞൊരു വര്‍ഷസന്ധ്യയില്‍
ചെമ്മണ്ണു നിറഞ്ഞ ഇടവഴിയിലൂടെ
മഴയൊരു പുഴയായി ഒഴുകാറുണ്ടായിരുന്നു;
പുഴയൊഴുകും വഴി.
ഒരിക്കല്‍,
ഈ മഴപ്പുഴയിലാണ്‌
ഞാനും നീയും നമ്മുടെ ജീവിതത്തോണികള്‍
ഒഴുക്കിക്കളഞ്ഞത്‌.

ഇന്നു മഴയില്ല
പുഴയില്ല
പുഴയൊഴുകും വഴിയില്ല.
ഉള്ളത് വറ്റിവരണ്ട ചാലുകള്‍ മാത്രം.
വിണ്ടു കീറിയ ഭൂമി പണ്ട്‌
അംഗരാജ്യത്തെ മഴയില്‍ കുളിപ്പിച്ച
ഋഷ്യശൃംഗന്റെ കഥ പറഞ്ഞു.
കഥ കേട്ട മാനം വീണ്ടും പെയ്‌തു.

ഇടവേളയ്‌ക്കു ശേഷം വന്ന തുലാവര്‍ഷത്തില്‍
മണ്ണും പെണ്ണും നനഞ്ഞു.
മരങ്ങള്‍ പെയ്‌തു.
മഴക്കാടുകള്‍ക്കിടയിലിരുന്ന്‌ മറ്റൊരു
ഋഷ്യശൃംഗന്‍ മഴ പെയ്യിക്കുന്നുണ്ടാകാം.

ഇവിടെ നല്ല മഴയാണ്‌.

പൂപ്പല്‍ നിറഞ്ഞ കിളിവാതിലിലൂടെ
ദൂരേ നിളയില്‍ പെയ്യുന്ന മഴ കാണുമ്പോള്‍,
ഇപ്പോള്‍,
ഞാനുമൊരു മഴ.