7/1/09

അങ്ങനെ ഒരു മഴയില്‍


ഇവിടെ നല്ല മഴയാണ്‌.

വെള്ളിനൂലുകള്‍ പോലെ
താഴേക്ക്‌ ഞാണിറങ്ങി വരുന്ന
നൂല്‍മഴ.
ചാഞ്ഞും ചെരിഞ്ഞും ഇടയ്‌ക്കൊന്നു പുളഞ്ഞും
തിമിര്‍ത്തു പെയ്യുന്ന എന്റെ മഴ.
പുതുമഴയില്‍ നനഞ്ഞുകുളിര്‍ന്ന
മണ്ണിന്റെ ഗന്ധം.

അപ്പോഴൊക്ക മഴയെനിക്കൊരു കഥയാകും.
പാടവരമ്പില്‍ നിന്നു ഉമ്മറത്തൊടിയിലേക്ക്‌
ഞാനാദ്യം ഞാനാദ്യമെന്നു
മത്സരിച്ചു മഴയെ തോല്‍പ്പിച്ച വീരകഥ.
കര്‍ക്കിടകപ്പെയ്‌ത്തില്‍ അകവും പുറവും
കുളിരുമ്പോള്‍ മഴ
പഴയ പ്രണയത്തിന്റെ കഥ പറയും.

ശരത്‌കാലത്തെ പ്രണയിച്ച മഴ.
ഒരിക്കല്‍ മഴ മഞ്ഞിനോടു പറഞ്ഞു
''പ്രണയികള്‍ക്കു ഉല്ലസിക്കാന്‍
എനിക്കു നിന്നോടൊപ്പം പെയ്യണം""
പ്രണയത്തിന്റെ തീക്ഷ്‌ണതയില്‍ മഴയും മഞ്ഞും
ഒറ്റപ്പെയ്‌ത്ത്‌!
അങ്ങനെയാണത്രേ ആലിപ്പഴങ്ങളുണ്ടായത്‌.


പുറത്ത്‌,
മഴ കനക്കുന്നു.
ഇവിടെ നല്ല മഴയാണ്‌

തണുത്തുറഞ്ഞൊരു വര്‍ഷസന്ധ്യയില്‍
ചെമ്മണ്ണു നിറഞ്ഞ ഇടവഴിയിലൂടെ
മഴയൊരു പുഴയായി ഒഴുകാറുണ്ടായിരുന്നു;
പുഴയൊഴുകും വഴി.
ഒരിക്കല്‍,
ഈ മഴപ്പുഴയിലാണ്‌
ഞാനും നീയും നമ്മുടെ ജീവിതത്തോണികള്‍
ഒഴുക്കിക്കളഞ്ഞത്‌.

ഇന്നു മഴയില്ല
പുഴയില്ല
പുഴയൊഴുകും വഴിയില്ല.
ഉള്ളത് വറ്റിവരണ്ട ചാലുകള്‍ മാത്രം.
വിണ്ടു കീറിയ ഭൂമി പണ്ട്‌
അംഗരാജ്യത്തെ മഴയില്‍ കുളിപ്പിച്ച
ഋഷ്യശൃംഗന്റെ കഥ പറഞ്ഞു.
കഥ കേട്ട മാനം വീണ്ടും പെയ്‌തു.

ഇടവേളയ്‌ക്കു ശേഷം വന്ന തുലാവര്‍ഷത്തില്‍
മണ്ണും പെണ്ണും നനഞ്ഞു.
മരങ്ങള്‍ പെയ്‌തു.
മഴക്കാടുകള്‍ക്കിടയിലിരുന്ന്‌ മറ്റൊരു
ഋഷ്യശൃംഗന്‍ മഴ പെയ്യിക്കുന്നുണ്ടാകാം.

ഇവിടെ നല്ല മഴയാണ്‌.

പൂപ്പല്‍ നിറഞ്ഞ കിളിവാതിലിലൂടെ
ദൂരേ നിളയില്‍ പെയ്യുന്ന മഴ കാണുമ്പോള്‍,
ഇപ്പോള്‍,
ഞാനുമൊരു മഴ.17 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

മഞ്ഞും,മഴയും പ്രണയിച്ച കഥ..ആലിപ്പഴം ഉണ്ടായ കഥ..ആദ്യമായാ കേട്ടത്..നന്നായിരിക്കുന്നു..

--xh-- പറഞ്ഞു...

മഴ എന്നും ഒരു വികാരമാണ്‌... വാക്കുകള്‍ക്കതീതമായ ഒരു അനുഭൂതി... നന്നായിരിക്കുന്നു. എനിക്കു വളരെ അധികം ഇഷ്ടമായി ഈ വരികള്‍....

വരവൂരാൻ പറഞ്ഞു...

പ്രണയത്തിന്റെ തീക്ഷ്‌ണതയില്‍ മഴയും മഞ്ഞും
ഒറ്റപ്പെയ്‌ത്ത്‌!
അങ്ങനെയാണത്രേ ആലിപ്പഴങ്ങളുണ്ടായത്‌
ഈ മഴപ്പുഴയിലാണ്‌
ഞാനും നീയും നമ്മുടെ ജീവിതത്തോണികള്‍
ഒഴുക്കിക്കളഞ്ഞത്‌

പുതുമഴയില്‍ നനഞ്ഞുകുളിര്‍ന്ന
കവിതയുടെ ഗന്ധം എവിടെയൊക്കെയോ ഒഴുക്കി പരക്കുന്നു

നരിക്കുന്നൻ പറഞ്ഞു...

മഴ..!

എനിക്കും മഴയിലലിയണം.

ഈ കവിത വായിച്ചപ്പോൾ മനസ്സിലൊരു മഴ പെയ്ത സുഖം.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ഹൊ കലക്കി ചിന്സെ ഈ മഴ എഴുത്ത്... എന്നെയും കൂട്ടണേ ഇതില്‍ നനഞ്ഞു കുളിച്ചു ചെളി തെറിച്ചു മന്സ്സു നിറയെ കുളിര്‍ന്നു കണ്ണ് നിറയാന്‍..... !!
ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

എപ്പോഴും ഇങ്ങനെ മഴയേയും കണ്ട്
കളിവള്ളങ്ങളുമൊഴുക്കി
പെയ്യട്ടെ..
പുറത്ത് വലിയവേനലാണ്..
സൂര്യാതപം കൊണ്ട് പിടഞ്ഞ് വീഴുന്നവരാണ്..
അനാഥശവങ്ങളാണ്..
പുറത്തിറങ്ങരുത്

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

വായിച്ചു നനഞ്ഞു,
'മകള്'അമ്മയെക്കുറിച്ച് പാടിയത് കേട്ടു നിറഞ്ഞു!!!

"ഇന്നു മഴയില്ല
പുഴയില്ല
പുഴയൊഴുകും വഴിയില്ല.
ഉള്ളത് വറ്റിവരണ്ട ചാലുകള്‍ മാത്രം.
വിണ്ടു കീറിയ ഭൂമി പണ്ട്‌
അംഗരാജ്യത്തെ മഴയില്‍ കുളിപ്പിച്ച
ഋഷ്യശൃംഗന്റെ കഥ പറഞ്ഞു.
കഥ കേട്ട മാനം വീണ്ടും പെയ്‌തു."

പരിഭവവും കേട്ടു....

"പൂപ്പല്‍ നിറഞ്ഞ കിളിവാതിലിലൂടെ
ദൂരേ നിളയില്‍ പെയ്യുന്ന മഴ കാണുമ്പോള്‍,
ഇപ്പോള്‍,
ഞാനുമൊരു മഴ."
ഇപ്പോള്‍ ഞാനുമൊരു മഴ!!!!

mayilppeeli പറഞ്ഞു...

മഴയും മഞ്ഞും ഒരുമിച്ചുപെയ്യുമ്പോഴുള്ള കുളിര്‌......ഇതുവായിച്ചപ്പോള്‍ എനിയ്ക്കു തോന്നിയയതതാണ്‌......വളരെ മനോഹരം......

ശ്രീ പറഞ്ഞു...

മഴയും മഞ്ഞും ഒരുമിച്ചു പെയ്ത് ആലിപ്പഴങ്ങളുണ്ടായി... കൊള്ളാം...

Ajith Nair പറഞ്ഞു...

ഇവിടെ നല്ല മഴയാണ്‌.

മഴയുടെ മകള്‍ പറഞ്ഞു...

നന്ദി സ്‌മിത, വരവൂരാന്‍, നരിക്കുനി, പകല്‍ക്കിനാവനേ, മഹേഷേട്ടാ, രഞ്‌ജിത്ത്‌, ശ്രീ, മയില്‍പ്പീലി, അജിത്‌, എക്‌സ്‌ എച്ച്‌.. എല്ലാവര്‍ക്കും നന്ദി.. ഈ വഴി വന്നതിന്‌..

മനോജ് മേനോന്‍ പറഞ്ഞു...

മഴപെയ്യട്ടെ.....അതിലെന്‍റെ നിളയുടെ യൌവനം തിരിച്ചുകിട്ടട്ടേ

Thallasseri പറഞ്ഞു...

പ്രണയത്തിന്റെ തീക്ഷ്‌ണതയില്‍ മഴയും മഞ്ഞും
ഒറ്റപ്പെയ്‌ത്ത്‌!
അങ്ങനെയാണത്രേ ആലിപ്പഴങ്ങളുണ്ടായത്‌.

നന്നായിരിക്കുന്നു ഈ മഴയെഴുത്ത്‌. പഴമ്പാട്ടുകാരന്‍.

ഗീത് പറഞ്ഞു...

മഴയുടെ ആ പ്രണയഭാവത്തിന്റെ ചാരുത ഒപ്പിയെടുത്തത് നന്നായിരിക്കുന്നു....
മഴയുടെ നല്ല ഭാവങ്ങളില്‍ ഒന്ന്....
കൊള്ളാം മഴയുടെ മകളേ, അമ്മയെക്കുറിച്ചുള്ള ഈ വരികള്‍.

അജ്ഞാതന്‍ പറഞ്ഞു...

മഴയുടെ മരവിച്ചുപോയ മോഹങ്ങളാണത്രേ മഞ്ഞ്.
ഒരിക്കലും പെയ്തൊഴിയാന്‍ കഴിയാത്ത മഞ്ഞിന്റെ നൊന്പരങ്ങള്‍
ആവശ്യത്തിലും അധികമാവുന്പോള്‍ ആലിപ്പഴങ്ങളുണ്ടാവുന്നു.

"അങ്ങനെയാണത്രേ ആലിപ്പഴങ്ങളുണ്ടായത്‌."

നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍.

മുന്നൂറാന്‍ പറഞ്ഞു...

മഴയുടെ നാട്ടില്‍ നിന്ന്‌ മഴ പെയ്യാത്ത
നാട്ടില്‍ പ്രവാസികളായി കഴിയുന്നവര്‍ക്ക്‌
മഴ എന്ന വാക്കുപോലും മനസ്സില്‍ മഴയായി പെയ്യും.

ഇക്കവിത മനസ്സിലൊരു പേമാരിയാകുന്നു.

ശ്രീഇടമൺ പറഞ്ഞു...

നല്ല മഴ...
ആകെ നനഞ്ഞൂ...
ആശംസകള്‍...*