എനിക്കു ചുറ്റും ചുവപ്പാണ്
നിരത്തിലോടുന്ന ബസിനും
തുണിസഞ്ചികള്‍ക്കും
ഉടുതുണിക്കും പേനയ്‌ക്കും വരെ,
എന്തിനേറെ,
എന്റെ സിരകളില്‍പ്പോലും
ചുവപ്പൊഴുകുന്നു.
ചുവപ്പ്;
ചുവപ്പോടെയായിരുന്നു എന്റെ ജനനം.
ചോരയ്‌ക്കൊപ്പം തെറിച്ചു വീണവള്‍,
ചുവപ്പിന്റെ സന്തതി.
ഉള്ളില്‍ ചുവപ്പിന്റെ കരുത്തുമായ്
വളര്‍ന്നവള്‍.
എപ്പോഴോ ചുവപ്പിന്റെ
അണപൊട്ടിയൊഴുകി
ഞാനൊരു സ്‌ത്രീയായി.
വളര്‍ച്ചയുടെ കാലഘട്ടം,
രാഷ്‌ട്രീയത്തിനും സൗന്ദര്യത്തിനും
ചുണ്ടിലെ ചായത്തിനും
നിറം ചുവപ്പ്!
ചുവപ്പ്;
അതെനിക്ക് മാത്രമായിരുന്നോ?
എന്റെയുള്ളില്‍ തീ വിതച്ചവനും
ചുവപ്പായിരുന്നു.
കാമത്തിന്റെ ചുവപ്പ്.
ചുവപ്പിനൊപ്പം തെളിഞ്ഞു നിന്ന
അഗ്നിയും.
അവന്റെ ചുവപ്പ് എന്റേതാക്കാന്‍
ഞാനാഗ്രഹിച്ചു.
ഒടുവില്‍,
ഞാനാകെ ചുവന്നിരുന്നു.
അവന്റെ ചുവപ്പ് ഞാന്‍
കടം കൊണ്ടു.
ഇന്ന്;
മറ്റൊന്നിലും ചുവപ്പില്ല.
അവയെല്ലാം നിറം മങ്ങി
കറുപ്പായി.
എന്നാല്‍,
എന്റെ കൈകളില്‍ മാത്രം ചുവപ്പാണ്
അവന്റെ ചുവപ്പ്...