
അസ്വസ്ഥമായ ആത്മാക്കളുടെ
കൂടാരമായിരുന്നു വീട്
പല്ലികളുടെ ചിലക്കല്‍ പോലെ
അച്ഛനും
അമ്മയും
മക്കളും
അതിനുള്ളില്‍
കലഹിച്ചു കൊണ്ടിരുന്നു.
വാക്കുകള്‍ തെറിച്ചു വീഴുമ്പോള്‍
അവയുടെ മുന തട്ടി
ഭിത്തി വിണ്ടു.
വിള്ളല്‍ വീണ വീടിപ്പോള്‍
ഒഴിഞ്ഞ പ്രേതപ്പറമ്പ് പോലെ ശൂന്യം.
കരിപിടിച്ച അടുപ്പുകല്ലിന്റെ
നെടുവീര്‍പ്പു മാത്രം ഉയര്‍ന്നു കേള്‍ക്കാം.
അമര്‍ത്തിയ തേങ്ങലുകള്‍
വീടിനുള്ളില്‍ പാഞ്ഞു നടന്നു,
ചിതറിയ ചോറിന്‍വറ്റുകള്‍ തേടി
ഉറുമ്പുകളും.
വെളിച്ചവും കട്ട പിടിച്ച ഇരുട്ടുറ
ഇടി കൂടിയ മുറിക്കുള്ളില്‍
ആത്മാക്കള്‍ ബോധം കെട്ടുറങ്ങി.
കള്ളിന്റെ നേര്‍ത്ത ഗന്ധം
തിങ്ങിയ വീട്ടില്‍
നിന്ന് ഒരാത്മാവ്
എഴുന്നേറ്റ് ആ വീടിനെ നോക്കി.
വിളറിയ നിലാവില് അത്
കറുത്ത മഴ നനഞ്ഞ
ശവകുടീരം പോലെ എഴുന്നു നിന്നു
എന്റെ വീട്