
മഴയുടെ കഥ; മകളുടേയും
25/11/08
15/11/08
പിറവി
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടുന്ന നക്ഷത്രങ്ങള്‍,
നീലക്കടലിനു മുകളില്‍
വട്ടമിട്ടു പറക്കുന്ന നിലാപ്പക്ഷികള്‍.
കറുത്ത സൂര്യന്റെ ജനനം വിളിച്ചോതുന്ന
ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന് എങ്ങനെയാണ് നിന്റെ ഛായ വരിക?
അസ്വസ്ഥമായ രാത്രികളില്‍
ഉണ്ണിയേശുവിന്റെ മുഖമുള്ള
നീ എന്നില്‍ പാകിയ വിത്തിനു
എന്റെ ഛായയാണു വേണ്ടത്...
കാരണം,
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്...
12/11/08
വേദന

എന്റെ കരള്‍
വീണ്ടും പുഴുവരിയ്ക്കുന്നു.
ആമാശയത്തിനുള്ളില്‍ നിന്നു
പുറത്തു കടന്ന
സൂചിപ്പുഴുക്കള്‍ ഞാന്നു
കിടന്നെന്റെ ഹൃദയം വേദനിയ്ക്കുന്നു.
മരണത്തിന്റെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു
വീണെനിക്കു തണുക്കുന്നു
ശൂന്യമായ നാലു ചുവരുകള്‍ക്കുള്ളില്‍
ഞാനും ജീവിതവും പുണര്ന്നുറങ്ങി.
നീണ്ട ഉറക്കത്തില്‍ നിന്നുണരാന്‍
ആരെങ്കിലും എന്നെയൊന്നു വിളിച്ചിരുന്നെങ്കില്‍....
എന്റെ കരളില്‍ ദ്വാരം വീണിരിക്കുന്നു.
വേദനയുടെ കടലേ,
നീയെന്നാണിനി വറ്റുക?
വറ്റിത്തീര്‍ന്ന ജലാശയത്തില്‍
ഞാനെന്റെ റോസാപ്പൂക്കള്‍ വിരിയിക്കട്ടെ.
വേദനയുടെ കടലേ,
നീയെന്നാണ് വറ്റിത്തീരുക?
7/11/08
മയക്കുമരുന്ന്
നീണ്ട ഇടനാഴിയുടെ
അങ്ങേയറ്റത്താണ് എന്റെ മുറി
പ്രകാശം അരിച്ചിറങ്ങുന്ന
മുറിക്കുള്ളിലിരുന്നു
ഞാനിപ്പോള്‍ വിഷാദം രുചിക്കുന്നു.
നേര്‍ത്ത ലോഹക്കുഴലിലൂടെ
ഞരമ്പുകളില്‍ ആഴ്ന്നിറങ്ങുന്ന
പെത്തഡിനു വിഷാദത്തിന്റെ മണം.
ചുവന്ന വെള്ളത്തില്‍
ഒഴുകിപ്പരന്ന മരുന്നിനിപ്പോള്‍
ഭ്രാന്തിന്റെ വേഗത.
കടന്നല്‍ക്കൂട്ടങ്ങള്‍
തലയ്ക്കുള്ളില്‍ ചൂളം കുത്തുമ്പോള്‍,
ചുവന്ന വെള്ളം നീലയാകുമ്പോള്‍,
ദൂരെ,
മരുഭൂമിയില്‍ ഞാനെന്റെ
മണല്‍പ്പാവ കാണുന്നു.
പാവയ്ക്കരികില്‍ തകര്‍ന്നടിഞ്ഞ
എന്റെ കൊട്ടാരവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)