29/8/09

ചിറകു വെക്കും കാലം


എന്റെ അന്നയുടെ ഡയറി എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്ത കഥയാണ്.. ആ ബ്ലോഗ് ഇന്നു ഇല്ല.... ബ്ലോഗ് ഇല്ലെന്ങിലും കഥ മറക്കാന്‍ ആകുന്നില്ല്ല.. എന്റെ ആദ്യത്തെ കഥ ..

കുത്തനെയുള്ള ചെരിവായിരുന്നു അത്‌. ചെരിവിലൂടെ ഊര്‍ന്നിറങ്ങി തുമ്പികളെപ്പോലെ പറന്നിറങ്ങുന്നത്‌ കുട്ടിക്കാലത്ത്‌ സ്വപ്‌നം കണ്ടിരുന്നു. ചെരിവിന്‌ താഴെ അഗാധമായ കൊല്ലിയാണ്‌. അപ്പുറം കാടും. 'മണിച്ചിക്കാടെ"ന്ന്‌ ഞാനും സീതയും ഓമനപ്പേരിട്ടു വിളിക്കുന്ന കാട്‌. ഞങ്ങളുടെ ഒളിസങ്കേതങ്ങളിലൊന്നായിരുന്നു ആ കാട്‌. സ്‌കൂളില്‍ പോകാന്‍ മടിയുള്ള ദിവസങ്ങളില്‍ അമ്പലക്കുളത്തിന്റെ പിറകുവശത്തെ ഇടവഴിയിലൂടെ മണിച്ചിക്കാട്ടിലേക്ക്‌ ഞാനും സീതയും ഓടി മറയും. ്‌കാട്ടിലൊരു പ്രതിഷ്‌ഠയുണ്ട്‌. പണ്ടെങ്ങോ ചെരിവിലെ കൊല്ലിയിലേക്ക്‌ ചാടി ആത്മഹത്യ ചെയ്‌ത ആദിവാസിപ്പെണ്ണിന്റെയാത്രേ ആ പ്രതിഷ്‌ഠ. പണ്ട്‌ മണിച്ചിക്കാട്‌ കൊടുംകാടായിരുന്നു. ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും സങ്കേതം. ആദിവാസിമൂപ്പന്റെ മകളായിരുന്നു സുന്ദരിയായ ചിരുത. കാട്‌ കീഴടക്കാന്‍ ഏതോ നാട്ടുകാരന്‍ പ്രണയിച്ച്‌ ചിരുതയെ ചതിച്ചത്രേ. ഊരില്‍ നിന്ന്‌ വിലക്കപ്പെട്ട ചിരുത കൊല്ലിയില്‍ ചാടി ചത്തെന്നുറ പ്രതികാരത്തിനായി ഉയിര്‍ത്തെഴുന്നേറ്റെന്നുമാണ്‌ കഥ. കാട്‌ നാടായപ്പോള്‍ ആദിവാസികള്‍ പ്രതിഷ്‌ഠിച്ച വിഗ്രഹം മാത്രം ബാക്കിയായി. പിന്നെ ചില തെച്ചിപ്പൂക്കളും അത്തിമരങ്ങളും.
ചിരുതയ്‌ക്ക്‌ പിന്നാലെ ഒരുപാടു പേര്‍ ചെരിവിന്റെ അതിഥികളായി. ഒടുവിലത്തെ ഇര സീതയായിരുന്നു. സീതയും ചെരിവിലേക്ക്‌ പോയതോടെയാണ്‌ ഞാന്‍ ആ ചെരിവിനെ ശരിക്കും ഈ ചെരിവിനെ പ്രണയിച്ചു തുടങ്ങിയത്‌. എന്നും സന്ധ്യയാവുമ്പോള്‍ ഞാനിവിടെ വരും. ചെരിവിലെ പ്രേതങ്ങള്‍ കൊല്ലിയില്‍ നിന്നെഴുന്നേറ്റ്‌ എന്നോട്‌ കൂട്ടു കൂടും. കൂട്ടുകെട്ട്‌ നാട്ടുകാര്‍ കണ്ടുപിടിച്ചതോടെ ഞാനങ്ങോട്ട്‌ പോകാതായി. ഇപ്പോള്‍ എത്ര നാളുകള്‍ക്കു ശേഷമാണ്‌ വീണ്ടും. ഇന്നെന്തോ... ചെരിവെന്നെ മാടി വിളിക്കുന്ന പോലെ തോന്നി.
അമ്മ തിരക്ക്‌ണ്‌ണ്ടാവും... നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഊഹം തെറ്റിയില്ല. ഒതുക്കുകല്ലുകള്‍ കയറിച്ചെല്ലുമ്പോള്‍ ഉമ്മറത്ത്‌ അമ്മയുണ്ട്‌. പാവം.. പേടിയാണ്‌ ഈ മകളെപ്പറ്റി.. ഏട്ടന്‍ മരിച്ചതില്‍ പിന്നെയാ അമ്മയ്‌ക്കിത്ര പേടി . ഏട്ടന്‍ മരിച്ച ദിവസം തന്നെയാ സീതയും ചെരിവിലേക്കോടി മറഞ്ഞത്‌. ആളുകള്‍ പലതും പറഞ്ഞു. എന്തോ എനിക്കൊന്നും മനസിലായില്ല. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ഞാന്‍. എന്നിട്ടും
"ഒന്നനങ്ങി നടക്കെന്റെ കുട്ട്യേ.... നേരമിത്രായിട്ടും എവിടായിരുന്നു നീയ്‌.. ബാക്കിയുള്ളവനെ തീ തീറ്റിച്ചൂലോ..."
"എന്റെ പൊന്നമ്മിണിക്കുട്ട്യേ.. ചൂടാവാതെ. ഞാനാ കുമാരേട്ടന്റെ മോളെ കാണാന്‍ പോയതല്ലേ.. അവളെന്തോ കണ്ടു പേടിച്ചൂത്രേ.. എന്നെ കാണണംന്ന്‌ ഒരേ വാശി.. അതോണ്ടല്ലേ എന്റെ പൊന്നമ്മേ.."
"ഉംഉം.. കിണുങ്ങാണ്ട്‌ വേഗം കുളിച്ചിട്ടു വാ.. ചായ ഉണ്ടാക്കീട്ട്‌ണ്ട്‌. പ്രാര്‍ത്ഥനയും ജപോന്നുമില്ലല്ലോ പിന്നെ.. ഇനീപ്പോ കുളിമുറീല്‌ കുളിച്ചാ മതി.. ത്രിസന്ധ്യയായി. പുഴേല്‍ ഒഴുക്ക്‌ കൂടണ നേരാ.."
" അതൊന്നൂല്യ.. ഞാന്‍ ശ്‌ര്‍ന്ന്‌ കുളിച്ചിട്ട്‌ വരാം""
പാവം.
തണുത്ത വെള്ളത്തില്‍ മുങ്ങിയപ്പോള്‍ എന്തൊരാശ്വാസം. മനസ്സീന്ന്‌ എേന്തോ ഒന്ന്‌ പുഴയില്‍ കളഞ്ഞു പോയ പോലെ. കുട്ടിക്കാലത്ത്‌ ഞാനും ഏട്ടനും സീതയും തമ്മില്‍ മത്സരമായിരുന്നു. ആദ്യം നീന്തി അക്കരെപ്പറ്റുമെന്ന്‌. ഏട്ടന്‍ തന്നെയാവും ജയിക്കുക. ഒടുവില്‍ ഈ പുഴയിലേക്കു തന്നെ ഏട്ടന്‍ മടങ്ങിപ്പോയി. എന്താവും ഏട്ടന്‌ പറ്റിയിട്ടുണ്ടാവുക. പല കഥകളും പ്രചരിച്ചു. ആരോ തല്ലിക്കൊന്നതാവുംന്ന്‌ വരെ പറഞ്ഞു. ഏട്ടനതിന്‌ ആരാ ശത്രുക്കളുള്ളത്‌. പാവമായിരുന്നു ഏട്ടന്‍. കഥകളുടെയും കവിതകളുടെയും ഇടയില്‍ ജീവിച്ച ഒരു സ്‌കൂള്‍മാഷ്‌. ഏട്ടനില്‍ നിന്നാണ്‌ ഞാനും പുസ്‌തകപ്പുഴുവായി മാറാന്‍ ശീലിച്ചത്‌.
ഇരുട്ടിന്‌ കനം വെച്ചു തുടങ്ങിയിരിക്കുന്നു. പുഴയില്‍ ഒഴുക്കും കൂടീട്ട്‌ണ്ട്‌. എന്തോ.. കരയ്‌ക്ക്‌ കേറാന്‍ തോന്നണില്ല. ടോര്‍ച്ചിന്റെ വെട്ടം കാണുന്നുണ്ട്‌. ആരെങ്കിലും കുളിക്കാന്‍ വരികയാവും. ശ്ശെ.. നാണക്കേടാകുമോ എന്റീശ്വരാ.. ദൈവമേ നാണുവേട്ടന്‍. ഇനി അടുത്തകാലത്തൊന്നും ഈ വഴി സ്വപ്‌നം കാണണ്ട. ഉപദേശിച്ച്‌ കൊല്ലും.
"എന്താ കുട്ട്യേ.. ഈ കാണിക്കണേ . നേരിശ്ശിയായല്ലോ..പെങ്കുട്ട്യോള്‌ ഈ നേരത്താണോ പുഴയില്‍ കുളിക്കാന്‍ വരണേ?
"ഓ! എന്റെ നാണുവേട്ടാ... അമ്മേടെ ബി.പി കൂടീട്ട്‌ണ്ടാവും ഇപ്പോത്തന്നെ... ഇനീപ്പോ ഈ ഉപദേശോം കൂടി കേക്കാന്‍ വയ്യ. നമുക്ക്‌ പിന്നെ കാണാം
""ങേ!!""
തിരിഞ്ഞു നോക്കിയപ്പോള്‍ നാണുവേട്ടന്‍ നിന്ന്‌ ചിരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ വകേലൊരു അമ്മാവനാ..എന്നാലും പ്രായം കൊണ്ടാവണം അച്ഛന്‍ നാണുവേട്ടന്‍ന്നാ വിളിച്ചിരുന്നത്‌. അച്ഛന്‍ വിളിക്കണ കേട്ടാ ഞങ്ങളും നാണുവമ്മാവനെ നാണുവേട്ടന്‍ന്ന്‌ വിളിച്ചു തുടങ്ങിയത്‌. വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴാ കണ്ടത്‌. പൂമുഖത്താരോ ഉണ്ട്‌. ഓ ബ്രോക്കറാ. ചിരിച്ചെന്ന്‌ വരു്‌ത്തി അകത്തേക്ക്‌ നട്‌ക്കുമ്പോള്‍ കേട്ടു. "അവര്‍ക്ക്‌ വല്യ നിബന്ധനയൊന്നൂല്യാ.. പെണ്ണ്‌ നന്നായാല്‍ മതി. പിന്നെ മറ്റേ കാര്യം.. ഇപ്പോ കുഴപ്പോന്നൂല്ലല്ലോ അല്യേ.. ""
ഒരാട്ടാട്ടാനാണ്‌ തോന്നിയത്‌. പിന്നെ തോന്നി വേണ്ടെന്ന്‌. പുച്ഛമാണു തോന്നിയത്‌. എന്നോടു തന്നെ..കന്യകയല്ലാത്ത പെണ്‍കുട്ടിയെ ആരു സ്വീകരിക്കാന്‍. വേണമെങ്കില്‍ എല്ലാവരെയും വിഡ്‌ഢിയാക്കി ഒരു കല്യാണം.
മനസ്സ്‌ പിടിവിട്ടു പോകുന്നു. വല്ലാത്ത ശല്യം തന്നെ. ഇതിനൊരു തടയിടാന്‍ കഴിഞ്ഞെങ്കില്‍..ഹൗ! വല്ലാത്ത തലവേദന... അദ്ദേഹമിപ്പോള്‍ എന്തെടുക്കുകയാകും..ഇന്ന്‌ കണ്ടതേയില്ല. ഇപ്പോ അങ്ങനെയാണല്ലോ..ഒഴിഞ്ഞുമാറാന്‍ ശ്രമിക്കയാവും. എല്ലാം തുറന്നു പറഞ്ഞിട്ടും, വാശി എനിക്കാണല്ലോ.. പരുക്കനും ദേഷ്യക്കാരനുമായ കവിയെ സ്വയം തന്നിലേക്കടുപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലം. ആദ്യം ഒരു സൗഹൃദം മാത്രമായിരുന്നു. ലൈബ്രറിയില്‍ വെച്ചുള്ള പരിചയം പിന്നീടെപ്പോഴോ വഴിവിട്ട സൗഹൃദത്തില്‍ കലാശിച്ചു . ദു:ഖം തോന്നിയതേയില്ല. രാത്രികളില്‍ ഇലഞ്ഞിപ്പൂക്കള്‍ വിരിച്ച മെത്തയില്‍ ബലിഷ്‌ഠമായ മാറില്‍ ഒട്ടിക്കിടക്കുമ്പോള്‍ പറയാറുണ്ട്‌ പലപ്പോഴും.."നീ എനിക്ക്‌ കാമുകി മാത്രമല്ലല്ലോ സുധേ.. എന്റെ അമ്മയും സഹോദരിയും സുഹൃത്തും എല്ലാമല്ലേ.. പക്ഷേ, ഒരിക്കലും എനിക്ക്‌ നിന്നെ വിവാഹം കഴിക്കാനാകില്ല. അതു മാത്രം പറയരുത്‌.""ഇല്ല. പറഞ്ഞില്ല. ഉള്ളില്‍ അദ്ദേഹത്തെ അതിശക്തമായി ആഗ്രഹിച്ചപ്പോഴെല്ലാം കാതില്‍ ആ വാക്കുകള്‍ മുഴങ്ങും. അപ്പോള്‍ തൊട്ടടുത്തു നിന്ന്‌ കാറ്റൂതുന്നതു പോലൊരു സ്വരം കേള്‍ക്കാം. " തെമ്മാടീ "
ഇപ്പോ തകര്‍ന്നു പോയ പളുങ്കുപാത്രത്തിന്റെ അവസ്ഥയാണ്‌. മൂടല്‍മഞ്ഞിനിടയിലൂടെ കാണാവുന്ന നേര്‍ത്ത നിഴല്‍ മാത്രമായി ഞാന്‍ അദ്ദേഹത്തിന്‌. വിവാഹാലോചനകള്‍ എത്തിത്തുടങ്ങിയപ്പോള്‍ ആദ്യമൊരു ഭൂകമ്പമായിരുന്നു. നാടുനീളെ അന്വേഷിച്ചു നടന്നിട്ടും അങ്ങനെയൊരാളില്ലെന്ന മറുപടിയും കൊണ്ടാണ്‌ അച്ഛന്‍ മടങ്ങി വന്നത്‌. എല്ലാം ഒരു ഭ്രമാത്രേ..എന്ത്‌ ഭ്രമം..അപ്പോഴൊക്കെ ചെരിവെന്നെ മാടിവിളിക്കും. സീതയും ചിരുതയും സ്വപ്‌നങ്ങളില്‍ നൃത്തം വെയ്‌ക്കും.
ആരൊക്കെയോ വിളിക്കണുണ്ട്‌ ഞാന്‍ ഉറങ്ങിപ്പോയോ.. അമ്മ കരയാണ്‌. ഈ അമ്മയ്‌ക്ക്‌ വേറെ പണിയൊന്നുമില്ലേ... അച്ഛനുമുണ്ടല്ലോ.. ഓ.. എല്ലാരുമുണ്ട്‌. ഈശ്വരാ! എന്തിന്റെ പുറപ്പാടാണാവോ..ചിറ്റപ്പന്‍ ആരൊടോ പറയുന്ന കേട്ടു."കുറച്ചു നാളായി ഇല്യാരുന്നേ.ഇപ്പോ വിവാഹംന്ന്‌ കേട്ടപ്പോ തുടങ്ങീരിക്ക്‌ണു. അല്ലെങ്കിലും ഈ ഗന്ധര്‍വ്വന്‍ന്ന്‌ പറയണത്‌ നിസ്സാരാ..അവരുടെ പെണ്ണിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല. സ്വയം അനുഭവിക്കും""ചോദിക്കണംന്ന്‌ണ്ടായിരുന്നു. ആരാപ്പോ ഈ ഗന്ധര്‍വ്വന്‍. എനിക്ക്‌ കാണാവുന്ന ആളെ നിങ്ങള്‍ക്ക്‌ കാണാനാവില്ലെന്ന്‌ പറഞ്ഞാ എങ്ങനാ ശരിയാവാ.ഞാന്‍.. ഞാന്‍ മാത്രമാണല്ലോ ആ മാറില്‍ ചാഞ്ഞ്‌ എല്ലാ സുഖങ്ങളും അറിഞ്ഞത്‌.
മയക്കം വരുന്നു. കനത്ത മൂടല്‍മഞ്ഞാണെങ്ങും. ആരൊക്കെയോ നടന്നു നീങ്ങുന്നതു കാണാം.. ശ്ശെ! ഒന്നും വ്യക്തമല്ലല്ലോ. സീതയാണോ അത്‌??
"സീതേ""..
അല്ല. അതു സീതയല്ല.
"എന്തൊരുറക്കമാണു പെണ്ണേ! സുധേ മതി ഉറങ്ങിയത്‌ എഴുന്നേറ്റേ"
"എത്രീസായി കണ്ടിട്ട്‌ മോഹനേട്ടാ.. വരും വരുംന്ന്‌ വിചാരിച്ച്‌..ഇവിടെ ആള്വോളൊക്കെ ഓരോന്നു പറയണു.""
നിമിഷങ്ങള്‍ക്ക്‌ വേഗം വെച്ചത്‌ പെട്ടെന്നായിരുന്നു. ഇലഞ്ഞിപ്പൂക്കള്‍ക്ക്‌ മദിപ്പിക്കുന്ന ഗന്ധം. വിളറിയ ചന്ദ്രനും നരച്ച ആകാശവും എല്ലാറ്റിനും സാക്ഷിയായി. കാതില്‍ വീണ്ടും അതേ ചൂളമടി. "നമുക്ക്‌ സീതയെ കാണണ്ടേ.. അവള്‍ നിന്നെ ചോദിച്ചു""
തണുത്ത നിലാവുണ്ട്‌. നേര്‍ത്ത തണുപ്പും. നിലാവില്‍ മണിച്ചിക്കാട്‌ കാണാന്‍ എന്തൊരു ഭംഗിയാണ്‌. ചുവന്നു തുടുത്ത ചെരിവില്‍ നിന്ന്‌ ആരൊക്കെയോ കേറി വരുന്നുണ്ട്‌. ഏട്ടന്‍.. സീതയുമുണ്ടല്ലോ.. ഏട്ടന്റെ കല്യാണം എപ്പഴാവോ കഴിഞ്ഞേ..ശക്തമായ കാറ്റില്‍ മണിച്ചിക്കാട്‌ ആടിയുലഞ്ഞു. ചുഴലി പിടിപെട്ട പോലെ ചെരിവും കൊല്ലിയും വിറച്ചു. ആഴം കൂടി. ചിരുതയുടെ പ്രതിഷ്‌ഠക്ക്‌ ആകെ ഒരു ചുവപ്പുമയം. ദൂരെ ഒരു പൊട്ടുപോലെ നിരവധി തുമ്പികള്‍ പറക്കുന്നതു കാണാം.അതോ ആത്മാക്കള്‍ തന്നെയോ.. ഈശ്വരാ എനിക്കെപ്പോഴാണ്‌ ചിറകു മുളച്ചത്‌??????

2 അഭിപ്രായങ്ങൾ:

Rijoola പറഞ്ഞു...

excellent!!! njan okke ennano aavo ingane okke onnu ezhuthuka..??

നിഷാർ ആലാട്ട് പറഞ്ഞു...

ഇപ്പോഴാണു ഇതിലേ വന്നതു

കഥ ഇഷടായി

ഇത്രനാളും എന്തേ വരാതിരുന്നത് ???

ആവോ...