14/11/13

പകലുറക്കത്തിലെ വഴികള്‍


വളഞ്ഞും പുളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന
കരിനാഗങ്ങളെപ്പോലെയാണ് സ്വപ്‌നത്തിലെ വഴികള്‍..
നെടുകെയും കുറുകെയും
തലങ്ങും വിലങ്ങും പാഞ്ഞുപോകുന്നവ..
അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തവണ്ണം
നീണ്ടുപോകുന്നവ.

ഒന്നിന്റെ തുടര്‍ച്ചയെന്നോണം മറ്റൊന്ന്.
ചിലപ്പോള്‍ ആഴമേറിയ ഗര്‍ത്തങ്ങളിലേക്ക് വഴികാട്ടുന്നവ.
സ്വപ്‌നങ്ങളുടെ ആഴങ്ങളിലേക്ക്
ചാടാനൊരുങ്ങുമ്പോഴേക്കും
അരുതേ അരുതേയെന്ന് പറഞ്ഞ്
വിലപിച്ചു കൊണ്ടേയിരിക്കും
വൃത്തികെട്ട ശരീരം..

എന്നാല്‍ മനസ്സോ,
ചാടൂചാടൂ എന്ന് പറഞ്ഞ്
ആഞ്ഞു തള്ളിയിരിക്കും..
വീഴുന്നതിനു മുമ്പേ കാണാം
പിളര്‍ക്കപ്പെട്ട യോനി,
ഛേദിക്കപ്പെട്ട മാറിടം,
അറ്റുപോയ ഉടല്‍,
മുണ്ഡനം ചെയ്ത ശിരസ്സ്,
ഇടയിലെവിടെയോ ഉയര്‍ന്നുകേള്‍ക്കുന്ന
ബാലികയുടെ,
മാതാവിന്റെ,
സഹോദരിയുടെ രോദനം..
വഴികള്‍മാറ്റി നടന്നെങ്കിലും
ഇടയ്‌ക്കെവിടേയും ഒരു കണ്ണകിയേയും കണ്ടില്ല

ഇനിയെപ്പോഴാണ് ഞാനൊരു സ്വപ്‌നത്തിന്റെ
ആഴമളക്കുക?
ശാന്തമായൊഴുകുന്ന കടലിന്റെ  അടിത്തട്ട്
കാണുക?
കിളികള്‍ പാടുന്ന വഴിത്താരയുടെ
്അറ്റം സ്പര്‍ശിക്കുക?

വഴി വീണ്ടും വെട്ടുകയാണ്,
കത്തുന്ന വെയിലു കൊണ്ട്
പൊള്ളുന്ന റെയില്‍പ്പാളങ്ങള്‍ നിര്‍മിച്ച്..
അടഞ്ഞ കണ്‍പോളകള്‍ക്കപ്പോള്‍
ചുട്ടുപൊള്ളുന്നുണ്ടാകണം
ഉള്ളുരുകിയ ലാവ
കണ്ണീര്‍മഴയായി പുറത്തേക്കൊഴുകിയിരിക്കണം.
.
ധൃതിയായെനിക്ക്..
മുറിവേറ്റ മനസ്സിനെ
ചതഞ്ഞരഞ്ഞ ശരീരവുമായി ലയിപ്പിക്കാന്‍,
അറ്റമില്ലാത്ത റെയില്‍പ്പാളത്തിലേയ്ക്ക്,
പാഞ്ഞടുക്കുന്ന തീവണ്ടിയ്ക്ക് മരണചുംബനം നല്‍കാന്‍..
ഇനിയൊരിക്കലും വഴികള്‍ വെട്ടാതിരിക്കാന്‍..
ബീപ്...ബീപ്...ബീപ്

ഇപ്പോള്‍,
എ.സിയുടെ നേര്‍ത്ത മൂളലും
ശാന്തമായുറങ്ങുന്ന മകന്റെ ശ്വാസോച്ഛ്വാസവും മാത്രം


 

4 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

പകലുറക്കത്തിലെ വഴികള്‍
നന്നായിരിക്കുന്നു.

ബൈജു മണിയങ്കാല പറഞ്ഞു...

സ്വന്തം ശ്വാസോച്ച്വാസത്തിന്റെ സംഗീതം കൂടി ശ്രദ്ധിക്കൂ
വരികൾ നന്നായിരിക്കുന്നു

Vinodkumar Thallasseri പറഞ്ഞു...

Good.

സൗഗന്ധികം പറഞ്ഞു...നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


ശുഭാശംസകൾ....