13/8/08

കറുത്ത കണ്ണുള്ള നാക്ക്‌


ഇരുട്ടില്‍,
അവള്‍ ഒറ്റയ്‌ക്കായിരുന്നു
വെളിച്ചം കാണാതെ,
അര്‍ത്ഥം തിരയാതെ,
മൂര്‍ച്ചയേറിയ വാക്കുകള്‍
ശരങ്ങളായി തൊടുത്ത്‌
കണ്ണീര്‍ പോലും
കറുപ്പാക്കി
ഇരുളില്‍,
അവള്‍ ഒറ്റയാള്‍പ്പട നയിച്ചു.


നിഴലുകളോടായിരുന്നു
അവളുടെ യുദ്ധം
കറുത്ത നിഴലുകള്‍.
വാളേന്തിയ കൈകളും
താലത്തില്‍ അരിഞ്ഞുവെച്ച
ചുവന്ന നാക്കുകളുമായി
നിഴലുകള്‍ പടവെട്ടി
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള
അവളുടെ നാക്കിനായി.
നാക്കായിരുന്നു അവളുടെ ആയുധം
കറുത്ത കണ്ണുള്ള നാക്ക്‌.

വായുവില്‍,
വാളിനു പകരം
നാവു ചുഴറ്റി
നേടിയെടുത്ത സാമ്രാജ്യത്തില്‍
ഏകയായി അവള്‍ പടപൊരുതി.
നാവില്‍ നിന്നൂറി വന്ന
ഉമിനീരു കൊണ്ട്‌
നിഴലുകള്‍ തീര്‍ത്ത
കനലുകളെ കരിക്കട്ടയാക്കി.

നാക്കിനു വേണ്ടി.
നാക്കിലാണ്‌ പ്രാണന്‍.
കറുത്ത കണ്ണടയില്‍
പൊതിഞ്ഞ കണ്ണുള്ള നാക്ക്‌.
പ്രാണനു വേണ്ടി
പൊരുതിയ പോരാട്ടത്തിനൊടുവില്‍
കാഴ്‌ച തന്ന കണ്ണടയും നിഴല്‍.

ഇരുളില്‍,
അവള്‍ക്കിനി തുഴയാന്‍
പാതി വെന്ത കൈകള്‍ മാത്രം.
കണ്ണടയ്‌ക്കൊപ്പം
മുറിഞ്ഞു വീണ നാക്കിനിപ്പോള്‍
നിറം കറുപ്പ്‌.

4 അഭിപ്രായങ്ങൾ:

sv പറഞ്ഞു...

നാക്കിനു വേണ്ടി.
നാക്കിലാണ്‌ പ്രാണന്‍.
കറുത്ത കണ്ണടയില്‍
പൊതിഞ്ഞ കണ്ണുള്ള നാക്ക്‌.
പ്രാണനു വേണ്ടി
പൊരുതിയ പോരാട്ടത്തിനൊടുവില്‍
കാഴ്‌ച തന്ന കണ്ണടയും നിഴല്‍.


മൂര്‍ച്ചയുള്ള വാക്കുകള്‍...

ഇഷ്ടായി...

നന്മകള്‍ നേരുന്നു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

കറുത്ത കണ്ണുള്ള നാക്ക് ശക്തമായ ഒരു പ്രതീകമാണ്. നാക്കിനു മൂര്‍ച്ചയേറുമ്പോള്‍ അതിനെ മുറിച്ചുമറ്റുകയാണല്ലോ അധികാരത്തിന്റെ തന്ത്രം. ഗൊവിന്ദ് നിഹലാനിയുടെ ‘പാര്‍ട്ടി’ എന്ന ഹിന്ദി ചിത്രത്തിന്റെ ക്ല്ലൈമാക്സില്‍ വരുന്ന അധികാരികള്ള ‘നാവരിഞ്ഞു മാറ്റപ്പെട്ട’ കഥാപാത്രമുണ്ട്.നസീറൂദ്ദീന്‍ ഷാ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ ക്ലോസപ്പ് പ്രേക്ഷകരിലേക്ക് ഒരു പ്രഹരം പോലെയാണ് വന്നു വീണത്. കവിതയുടെ അവസാനത്തിലും ഒരു പ്രഹരം പോലെ വരുന്നുണ്ട് മുറിച്ചു മാറ്റപ്പെട്ട നാവ്. കവിത നന്നായിട്ടുണ്ട്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

അധികാരികളാല്‍ നാവരിഞ്ഞു മാറ്റപ്പെട്ട എന്നു തിരുത്തി വായിക്കുമല്ലോ.

--xh-- പറഞ്ഞു...

ശക്തിയുള്ള, പോരാട്ട വീര്യം നിറഞ്ഞു നില്‍ക്കുന്ന വരികള്‍...നാക്ക് മൂര്‍ച്ചയേറിയ ഒരു ആയുധമാണു - ഇരുതല മൂര്‍ച്ചയുള്‍ള്ള ആയുധം...