22/11/13

വിധവ

ഒരുത്തന്റെ വിധവയെക്കുറിച്ച്
പറയാന്‍ നൂറുനാവാണ്
അകത്തെരിയുന്ന കനലിനെ
പുറത്തേക്കെത്തിക്കാതിരിക്കാനാകണം
അവള്‍ മുഖത്തൊരു പുഞ്ചിരിയൊട്ടിച്ചത്
എന്നിട്ടും,
ഓന്‍ ചത്തപ്പോ ഓളെന്ത്യേ നൊലോളിച്ചില്ലെന്നായ്.
ഓളെന്ത്യേ തൂങ്ങിച്ചത്തില്ലെന്നായ്..

കടത്തില്‍ മുങ്ങിയ വീടിനെയോര്‍ത്താകണം
അവന്റെ ജീവന്റെ വിലയവള്‍ വാങ്ങിയത്
എന്നിട്ടും,
ഓന്‍ ചത്തപ്പോ ഓള്‍ക്കെത്ര കിട്ടിയെന്നായ്,
നമുക്കെന്തു കിട്ടുമെന്നായ്..
കെട്ട്യോന്‍ ചത്തേപ്പിന്നെ
ഓള്‍ടെ വര തെളിഞ്ഞെന്നായ്..

ചത്തവന്റെ പെണ്ണിന്റെ
സൗന്ദര്യമൂറ്റാന്‍ നൂറു കണ്ണാണ്.
വാടിയ കുഞ്ഞുമുഖം കാണാതിരിക്കാനാകണം
പെല തീരുമുമ്പേ ജോലിക്കിറങ്ങിയത്
എന്നിട്ടും,
ഓന്‍ ചത്തേപ്പിന്നെ ഓള്‍ടെ ചന്തം കൂടിയെന്നായ്
ഓളിനിയെന്നാ വേറൊരുത്തനെ കെട്ടുകാന്നായ്..

അന്തിക്കു ചെറ്റേടെ വാതില്‍
ചുരക്കുന്നതോര്‍ത്താകണം
അവള്‍ മറ്റൊരു മണവാട്ടിയായത്
എന്നിട്ടും,
ഒരുത്തനെ കൊന്നിട്ടും മതിയാകാതെ
ഓള്‍ വീണ്ടും കെട്ടിയെന്നായ്...
ഓളെപ്പോലൊരു യക്ഷിയില്ലെന്നായ്...

ചത്തവന്റെ വിധവയെക്കുറിച്ച് പറയാന്‍
നാക്കുള്ളോനും നാക്കില്ലാത്തോനും
കണ്ണുള്ളോനും കണ്ണില്ലാത്തോനും
നൂറു നാക്കുണ്ട്,
ആയിരം കണ്ണുമുണ്ട്


 

11 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

അമ്മയെക്കൊന്നാലും രണ്ടുണ്ട് പക്ഷം.
നന്നായിരിക്കുന്നു.
നല്ല വരികള്‍.

ushakumari പറഞ്ഞു...

ഓഹോ.. ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലേ..നന്നായി..അഭിനന്ദനഗ്ങള്‍

Vinodkumar Thallasseri പറഞ്ഞു...

ചത്തവന്റെ വിധവയെക്കുറിച്ച് പറയാന്‍
നാക്കുള്ളോനും നാക്കില്ലാത്തോനും
കണ്ണുള്ളോനും കണ്ണില്ലാത്തോനും
നൂറു നാക്കുണ്ട്,
ആയിരം കണ്ണുമുണ്ട്

ബൈജു മണിയങ്കാല പറഞ്ഞു...

എന്നാലും അവഗണനക്കും പരിഗണനക്കും ഇടയ്ക്കുള്ള വെറുമൊരു വീർപ്പുമുട്ടൽ അത്ര മാത്രം ലഘുവായി കാണാം എത്ര ഗുരുതര പ്രശ്നവും

MOIDEEN ANGADIMUGAR പറഞ്ഞു...

‘ചത്തവന്റെ പെണ്ണിന്റെ
സൗന്ദര്യമൂറ്റാന്‍ നൂറു കണ്ണാണ്.‘

സത്യമാണ്.
നല്ല കവിത. അഭിനന്ദനം

ajith പറഞ്ഞു...

വളരെ സത്യമായ നിരീക്ഷണം. നല്ല ആവിഷ്കാരം

സൗഗന്ധികം പറഞ്ഞു...

വളരെ ശരി.സ്വന്തം വീട്ടിലെ ദുർഗന്ധം സഹിച്ച്‌ സഹിച്ച്‌ ചിലർക്ക്‌ അത്‌ സുഗന്ധമായി മാറും.എന്നിട്ടത്തരക്കാർ അയലത്തെ പറമ്പിൽ ഒരെലി ചത്തു കിടന്നാൽത്തന്നെ സഹിക്കില്ല.അതവർക്ക്‌ ഒരു മാലിന്യക്കൂമ്പാരമായിത്തന്നെ തോന്നും.ഹ...ഹ...


നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...




sameer illikal പറഞ്ഞു...

കൊള്ളാം

മാധവൻ പറഞ്ഞു...

നിറമേ..
യാദൃശ്ചികമായി എത്തിയതാണ്.
ചത്തവന്റെ പെണ്ണിനെക്കുറിച്ച് പറയാൻ 100 നാക്ക് പോയിട്ട് ഉള്ള നാക്ക് തന്നെ തിരയുകയാണ്.
എന്തൊരു എഴുത്താണ്. ഉച്ചവെയിൽ കണ്ണിൽ വീണപോലെ മഞ്ഞളിച്ചു പോയി.
സലാം.
എഴുതാത്ത് എന്താണ്??

മാധവൻ പറഞ്ഞു...

https://blogulakom.blogspot.com/

പുതിയ ഒരു അഗ്രിഗേറ്റർ ആണ്.

ഗൗരിനാഥന്‍ പറഞ്ഞു...

സത്യം.. അറിയാവുന്ന, കേട്ടിട്ടുള്ളവ തന്നെ.. എന്നിട്ടും നെഞ്ചു നീറി..ഉപേക്ഷിച്ചു പോയകണറെ പെണ്ണിനും ചത്തു പോയവന്റെ പെണ്ണിനേയും നോക്കാൻ ലോകത്തുള്ള എല്ലാ കണ്ണുകളും ഉണ്ട്. ഭയന്ന് കഴിഞ്ഞില്ലെങ്കിൽ അവളെ തല്ലാനും കൈകൾ ഏറെ..